വൈക്കം : കവരപ്പാടി നടയിൽ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റൊടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. ആലപ്പുഴ ഭാഗത്തുനിന്ന് നെല്ല് കയറ്റി വന്ന ലോറിയാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ 11 കെ വി ലൈനിൽ ഇടിച്ചത്. വൈദ്യുതി പോസ്റ്റ് മൂന്നായി ഒടിഞ്ഞു. സമീപത്തെ മറ്റൊരു പോസ്റ്റ് ചെരിയുകയും ചെയ്തു. മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി.
പുളിഞ്ചുവട്- മുരിയൻ കുളങ്ങര - ചേരുംചുവട് റോഡ് അടുത്തകാലത്താണ് മികച്ച നിലവാരത്തിൽ പുനർ നിർമ്മിച്ചത്. ഇതോടൊപ്പം റോഡിന്റെ വശങ്ങളിൽ ഓടകളും നിർമ്മിച്ചിട്ടുണ്ട്. ഓടകൾക്ക് മൂടിയില്ലാത്തത് അപകട സാദ്ധ്യത സൃഷ്ടിക്കുന്നു. റോഡ് നന്നായപ്പോൾ വാഹനങ്ങൾ അമിത വേഗതയിലാണ് ഇതു വഴി കടന്നുപോകുന്നത്. മുരിയൻ കുളങ്ങര - ചേരുംചുവട് റോഡിൽ വീതി കുറഞ്ഞ ഭാഗത്ത് ഇരുവശങ്ങളിലും ഓട നിർമ്മിച്ചിരിക്കുന്നതിനാൽ എപ്പോഴും ഗതാഗതകുരുക്കുണ്ട്. റോഡ് പുനർനിർമ്മിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഓടകൾക്ക് മൂടി സ്ഥാപിക്കാത്തതിലും സൈൻ ബോർഡുകൾ ഇല്ലാത്തതിലും നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.