attuvelachadu

തലയോലപ്പറമ്പ് : വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആ​റ്റുവേല മഹോത്സവം ഇന്ന് നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂർവം ഉത്സവങ്ങളിൽ ഒന്നാണിത്. ഉത്സവം നടക്കുന്നത് ആ​റ്റിലാണെന്നുള്ളതാണ് ഏറെ പ്രത്യേകത. ഐതിഹ്യപ്പെരുമയും ആചാരത്തനിമയിലും പകരം വയ്ക്കാനില്ലാത്ത ജലോത്സവമാണ് വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആ​റ്റുവേല മഹോത്സവം. വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ മീനമാസത്തിലെ അശ്വതി നാളിൽ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗ്ഗം എത്തുന്നുവെന്നാണ് ഐതിഹ്യം. രണ്ടുവലിയ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിനുമുകളിൽ തട്ടിട്ട് മൂന്ന് നിലയുള്ള ക്ഷേത്രം നിർമ്മിച്ച് 1008 ചു​റ്റുവിളക്കും 108 തൂക്കുവിളക്കും വൈദ്യുതി ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച് ശ്രീകോവിലിന് മുകൾ ഭാഗത്ത് കൊടുങ്ങല്ലൂർ ഭഗവതിയുടെ തിടമ്പ് പ്രതിഷ്ഠിച്ചാണ് എഴുന്നള്ളിയ്ക്കുന്നത്. പണിപൂർത്തിയായ ആ​റ്റുവേലച്ചാട് ഇന്ന് രാവിലെ 7ന് ഇളങ്കാവ് ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീ​റ്റർ പടിഞ്ഞാറുമാറി ആറിന്റെ മറുകരയിലുള്ള ആ​റ്റുവേലക്കടവിൽ എത്തും. പുലർച്ചെ ഒന്നരയോടെ വൈദ്യുതാലംകൃതമായ ചാടുകളിൽ ആ​റ്റുവേലക്കടവിൽ നിന്നും ജലമാർഗ്ഗം ഇളങ്കാവ് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. നിരവധി തൂക്കച്ചാടുകൾ അകമ്പടി സേവിക്കും. പുലർച്ചെ 4.30 ഓടെ ഇളങ്കാവ് ക്ഷേത്ര തീരത്തെ കടവിലെത്തും. തുടർന്ന് ക്ഷേത്രത്തിന്റെ മതിലിനുപുറത്ത് പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ള പള്ളിസ്രാമ്പിലേയ്ക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിക്കും. നാളെ രാവിലെ 6ന് നടക്കുന്ന പീലിത്തൂക്കവും രാത്രി 11 മുതൽ നടക്കുന്ന ഗരുഡൻതൂക്കവും കഴിഞ്ഞ ശേഷം ഭഗവതിയെ ക്ഷേത്ര ശ്രീകോവിലിലേയ്ക്ക് തിരികെ എഴുന്നള്ളിക്കും.