കുറവിലങ്ങാട് : പൊതു സ്ഥലങ്ങളിൽ പുകവലിച്ചതിന് കുറവിലങ്ങാട് എക്സെസ് ഡിവിഷൻ പരിധിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പിഴയായി ലഭിച്ചത് 6000 രൂപ. പൊതുയിടങ്ങളിൽ പുകവലിക്കുന്നതിന് പൊലീസ് ചുമത്തുന്ന പിഴ കൂടാതെയാണിത്. കോട്പ ആക്ട്

പ്രകാരം ജനുവരിയിൽ ഒരു കേസും ഫെബ്രുവരിയിൽ ഒൻപത് കേസും മാർച്ചിൽ 20 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ രണ്ട് കഞ്ചാവ് കേസുകളും ഒരു ലഹരിഗുളികയുടെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്കൂളുകളിലും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എക്സസൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുകയില ഉത്പന്നങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസ്സുകൾ നടത്താറുണ്ട്. ഇത് കുറവിലങ്ങാട് എക്സൈസ് ഡിവിഷൻ പരിധിയിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെയധികം കുറയ്ക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. ബോധവത്കരണ ക്ലാസുകൾക്ക് പുറമേ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് എല്ലാ ആഴ്ചച്ചയിലും പരിശോധിക്കുകയും ചെയ്തുവരുന്നുണ്ട്. എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും ഒരു എക്സൈസ് ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്.

എന്നാൽ വിദ്യാർത്ഥികളിലെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ക്രമാതീതമായി കുറയ്ക്കാൻ കഴിഞ്ഞെങ്കിലും 18 വയസിന് മുകളിൽ പ്രായമുള്ളവരിലെ ലഹരിഉപയോഗം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പൊലീസ് പെട്രോളിങ്ങും ഊ‌ർജ്ജിതമായി നടത്തി വരുന്നുണ്ട്. പലയിടങ്ങളിലും പുകയില ഉത്പന്നങ്ങളും വിൽക്കുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും നേരിട്ട് അറിയാവുന്നവർ ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് എക്സൈസ് വകുപ്പിലോ മറ്റ് ഉത്തരവാദിത്വപ്പെട്ട ഉദ്യോദസ്ഥരെ അറിയിക്കാത്തതും ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

18 വയസിൽ താഴെ പ്രായമുള്ളവ‌ർക്ക് പുകയില ഉത്പന്നങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നതും നേരിട്ടോ അല്ലാതെയോ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും വിൽക്കുന്നതും കോട്പ നിയമപ്രകാരം കുറ്റകരമാണ്.