ചങ്ങനാശേരി : വേനൽ കടുത്തതോടുകൂടി കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നു. ഒട്ടുമിക്ക കുടിവെള്ള പദ്ധതികളും വെള്ളം ഇല്ലാതെ നിശ്ചലമായി. പണം കൊടുത്താലും വെള്ളം ലഭിക്കാത്ത സ്ഥിതിവിശേഷമാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കിയോസ്‌ക് വാട്ടർ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ ഈ ടാങ്കുകളിൽ വെള്ളം നിറച്ചിട്ടില്ല. വെള്ളം ലഭ്യമാകുമെന്നു വിശ്വസിച്ച് ടാങ്കുകൾ സ്ഥാപിക്കാൻ സ്ഥലം വിട്ടുകൊടുത്തവർക്ക് സ്ഥലവും നഷ്ടമായി വെള്ളവുമില്ലാത്ത അവസ്ഥയിലാണ്. എട്ടാം വാർഡിൽ വർഷങ്ങളായി പ്രവർത്തിരുന്ന കരിക്കണ്ടം ശുദ്ധജലവിതരണ പദ്ധതിയുടെ കുളം വറ്റിയതോടുകൂടി പൊൻപുഴ, പൊൻപുഴപൊക്കം, പാറ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കളമ്പാട്ടുചിറയിൽ പ്രവർത്തിക്കുന്ന ജലനിധിയിലെ വെള്ളവും ഉപയോഗശൂന്യമാണ്. പതിമൂന്നാം വാർഡിൽ പുളിമൂട്, വാഴയിൽ, ചാലയിൽ ഭാഗങ്ങളിലെ ഒട്ടുമിക്ക കിണറുകളും വറ്റി വരണ്ടു.
കാർഗിൽ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന കുഴൽകിണർ കേടായിട്ട് വർഷങ്ങളായി. പൊൻപുഴ അംബേദ്ക്കർ സെറ്റിൽമെന്റ് കോളനി, കല്ലമ്പള്ളി, കാർഗിൽ, കുറിഞ്ഞിമുക്ക് പ്രദേശങ്ങൾ പൂർണമായും കരിഞ്ഞുണങ്ങി. രണ്ടു പഞ്ചായത്ത് കിണറുകൾ കാടുവളർന്ന് നാശോന്മുഖമായ നിലയിലായി. ഒരിക്കലും വറ്റാത്ത ഈ കിണറുകൾ ആഴംകൂട്ടിയെടുത്ത് കുടിവെള്ളപദ്ധതിക്ക് രൂപം നൽകിയാൽ കാർഗിൽ, കല്ലമ്പള്ളി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു. 11, 12, 16 വാർഡുകളിൽപ്പെട്ട മലകുന്നം, ജീരകക്കുന്ന്, മാത്തൻകുന്ന്, നാലുസെന്റ് കോളനി, ചിറവംമുട്ടം, ചാമക്കുളം പ്രദേശത്തെ ജനങ്ങളെല്ലാം കുടിവെള്ളം വിലയ്ക്ക് വാങ്ങുകയാണിപ്പോൾ. ചാമക്കുളം ജലനിധി പദ്ധതിയുടെ കിണർ ശുദ്ധീകരിച്ചാൽ ചാമക്കുളം വെള്ളം എത്തിക്കാൻ കഴിയുമെങ്കിലും അധികാരികൾ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴൽക്കിണറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലെ ജലം
ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. ഒൻപതാം വാർഡിൽ ഭാസ്‌ക്കരൻ കോളനിക്ക് സമീപം കുഴൽകിണർ കുഴിച്ചു. ഇതും പ്രവർത്തനരഹിതമാണ്. ഓവർഹെഡ് ടാങ്ക് സ്ഥാപിക്കാൻ സ്ഥലമില്ലെന്നാണ് അധികാരികൾ പറയുന്നത്. ചിറവംമുട്ടം മഹാദേവക്ഷേത്രംവക കുളം പായലും പുല്ലും വളർന്ന് മൂടപ്പെട്ടുകിടക്കുകയാണ്. ഈ കുളം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുവാൻ എം.എൽ.എ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതും നടപ്പിലായില്ല.