കോട്ടയം : എൻ.ഡി.എ സ്ഥാനാർത്ഥി പി.സി.തോമസ് എത്ര വോട്ടു പിടിക്കും. രണ്ടു ലക്ഷത്തിൽ താഴെയോ അതോ മൂന്നു ലക്ഷവും കടന്നു ഞെട്ടിക്കുമോ ? പ്രചാരണത്തിന് രണ്ടാഴ്ച ശേഷിക്കെ കോട്ടയം മണ്ഡലത്തിൽ ഉയരുന്ന ചോദ്യമിതാണ്. മുൻ കേന്ദ്രമന്ത്രിയും, മുൻ എം.എൽ.എമാരും നേർക്കുനേർ പോരാടുന്ന കോട്ടയത്ത് പി.സി.തോമസിന്റെ വോട്ടുകൾ നിർണായകമാകുമെന്നാണ് ഇതരമുന്നണി നേതാക്കളുടെ കണക്കുകൂട്ടൽ.

കോൺഗ്രസ് , കേരളകോൺഗ്രസ് അടിയൊഴുക്കുകളിൽ ഇടതുമുന്നണി പ്രതീക്ഷ അർപ്പിക്കുമ്പോൾ അടിയൊഴുക്കുകളെ ഭയക്കുകയാണ് യു.ഡി.എഫ്. ആദ്യം പ്രചാരണത്തിനിറങ്ങിയ ഇടത് സ്ഥാനാർത്ഥി വി.എൻ.വാസവൻ അതിവേഗം രണ്ട് റൗണ്ട് മണ്ഡല പര്യടനം പൂർത്തിയാക്കി ബഹുദൂരം മുന്നിലാണ്. ദീർഘകാലം മൂവാറ്റുപുഴ എം.പിയും കേന്ദ്രമന്ത്രിയുമെന്ന നിലയിൽ പരിചിതനായ പി.സി.തോമസ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപേ പ്രചാരണത്തിനിറങ്ങി രണ്ടാംറൗണ്ട് പൂർത്തിയാക്കി. കേരള കോൺഗ്രസ് എമ്മിലെ തർക്കത്തിനൊടുവിൽ സീറ്റ് ലഭിച്ച തോമസ് ചാഴികാടനും ആദ്യഘട്ടത്തിലെ നിശ്ചലാവസ്ഥ മറികടന്ന് പ്രചാരണത്തിൽ ഇരു

സ്ഥാനാർത്ഥികൾക്കുമൊപ്പമെത്തി. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്നു പറഞ്ഞതുപോലായിരുന്നു തുടക്കത്തിൽ യു.ഡി.എഫ് അണികളുടെ പ്രവർത്തനം. ആവശ്യത്തിന് പണം ലഭിക്കാതെ വന്നത് പ്രചാരണത്തെ ബാധിച്ചു. പണമിറക്കി തുടങ്ങിയതോടെ പ്രചാരണവും ഊർജ്ജിതമായി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന്റെ ഗുണം വരെ ചാഴികാടന്റെ വോട്ടിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ , സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ വി.എൻ.വാസവനായി രംഗത്തെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ തോമസ് ചാഴികാടനായെത്തി. അനാരോഗ്യകാരണങ്ങളാൽ വിശ്രമത്തിലാായ കെ.എം. മാണിയെ അവസാന റൗണ്ടിൽ പ്രചാരണത്തിനിറക്കാനാവുമോ എന്ന് നോക്കുകയാണ് മാണി ഗ്രൂപ്പ് നേതാക്കൾ. എൻ.ഡി.എ സ്ഥാനാർത്ഥി പി.സി.തോമസിനായി രാജ്നാഥ് സിംഗും അമിത്ഷായുമെത്തുമെന്നാണ് കേൾക്കുന്നത്.

ഈസി വാക്കോവർ നടക്കില്ല

തോമസ് കൂടുതൽ വോട്ട് പിടിച്ചാൽ വാസവനാകും നേട്ടം. പിടിക്കുന്നില്ലെങ്കിൽ തോമസ് ചാഴികാടനാകും അതിന്റെ പ്രയോജനം.

ഒന്നേകാൽ ലക്ഷത്തോളം പുതിയ വോട്ടർമാരടക്കം 15 ലക്ഷത്തോളം വോട്ടുണ്ട്. പത്തുലക്ഷം വോട്ട് പോൾ ചെയ്താൽ നാലു ലക്ഷത്തിന് മുകളിൽ വോട്ട് പിടിക്കുന്നവർ ജയിക്കും. അത്രയും വോട്ട് ആര് പിടിക്കുമെന്നതിനപ്പുറം പി.സി.തോമസ് എത്ര പിടിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കോട്ടയത്തെ ജനവിധി. പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആർക്കും ഈസി വാക്കോവർ നൽകാൻ മടിക്കുകയാണ് വലിച്ചാൽ നീളുകയും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന റബർ മനസുള്ള കോട്ടയം.