നെടുങ്കണ്ടം: രാമക്കൽമേട്ടിൽ അനധികൃത ഒഫ് റോഡ് സവാരി നടത്തിയ ജീപ്പ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന ആറ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. തൃശൂർ കുന്നംകുളം ഗുഡ്‌ഷെപ്പേർഡ് ഐ.ടി.ഐ വിദ്യാർത്ഥിയായ ശ്രീജിത്താണ് (19) മരിച്ചത്. ജീപ്പ് ഡ്രൈവർ തോവാളപ്പടി ഗോകുലം വീട്ടിൽ നീലു എന്ന് വിളിക്കുന്ന ഗിരീഷ്(33), ഐ.ടി.ഐ വിദ്യാർത്ഥികളായ അഭിജിത്ത്(20), സോനു(19), ഷെഫീഖ്(22), ഹാബിൻ(19), രാഹുൽ(18), അഖിൽ(26) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ രാമക്കൽമേട് കുരുവിക്കാനം കാറ്റാടിപ്പാടത്തിന് സമീപമാണ് അപകടം നടന്നത്. തൃശൂർ കുന്നംകുളം ഗുഡ്‌ഷെപ്പേർഡ് ഐ.ടി.ഐയിൽ നിന്ന് എത്തിയ 28 വിദ്യാർത്ഥികൾ രണ്ട് ജീപ്പുകളിലായാണ് ഓഫ് റോഡ് സവാരിക്കായി പോയത്. ആദ്യത്തെ ജീപ്പ് ചെങ്കുത്തായ പാറയുടെ മുനമ്പിൽ എത്തിയശേഷം അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 150 അടിയോളം നിരങ്ങിനീങ്ങിയശേഷം 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് തലകുത്തനെ മറിയുകയായിരുന്നു. പാറക്കെട്ടിൽ നിന്ന് ജീപ്പ് നിരങ്ങി നീങ്ങുന്നതിനിടെ പുറത്തേക്ക് ചാടിയവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നിരവധി തവണ മലക്കം മറിഞ്ഞ ജീപ്പ് മരങ്ങളിൽ തട്ടി നിന്നു. ജീപ്പ് പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് മറ്റ് വിദ്യാർത്ഥികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വിനോദസഞ്ചാരികളും ചേർന്നാണ് പരിക്കേറ്റവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. പരിക്കേറ്റവരെ നെടുങ്കണ്ടം, തൂക്കുപാലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിൽ നിന്ന് കൊടൈക്കനാൽ സന്ദർശിച്ചശേഷം രാമക്കൽമേട്ടിൽ എത്തിയതായിരുന്നു സംഘം. രാമക്കൽമേട് സന്ദർശിച്ചശേഷം വൈകിട്ട് തൃശൂരിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. തോപ്പിൽ ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ജീപ്പ്.