കോട്ടയം : പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള തീവ്രശ്രമത്തിൽ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയതോടെ കോട്ടയത്ത് തീപാറുന്ന പ്രചാരണം തുടങ്ങി. ഏറ്റുമാനൂർ മണ്ഡലത്തിൽ പി.സി. തോമസും പുതുപ്പള്ളി മണ്ഡലത്തിൽ ചാഴികാടനും പിറവത്ത് വി.എൻ.വാസവനും പര്യടനം നടത്തി.

ചാഴികാടന് മുഖവുര വേണ്ടെന്ന് ഉമ്മൻചാണ്ടി

നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറൽ സൈക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയർക്കുന്നത്ത് ഒറവയ്ക്കലിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി മണ്ഡലത്തിന്റെ മാത്രമല്ല, കോട്ടയം ജില്ലയുടെ വികസനത്തിനു തന്നെ വളരെയധികം ഇടപെടൽ നടത്തിയിരുന്ന പൊതുപ്രവർത്തകനാണ് ചാഴികാടൻ. വർഷങ്ങളോളം മുടങ്ങിക്കിടന്നിരുന്ന അയർക്കുന്നം, ഏറ്റുമാനൂർ ബൈപാസ് യാഥാർത്ഥ്യമാക്കുന്നതിനായി എം.എൽ.എ ആയിരുന്നപ്പോഴും, അല്ലാത്തപ്പോഴും സജീവമായ ഇടപെടൽ നടത്തിയിരുന്നത് ചാഴികാടനാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നടന്ന തുറന്ന വാഹനത്തിലെ പ്രചാരണത്തിൽ സ്ഥാനാർത്ഥി തോമസ് ചാഴികാടനൊപ്പം ഉമ്മൻചാണ്ടി, കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി എന്നിവർ പങ്കെടുത്തു.

കേന്ദ്രസർക്കാർ കർഷകരെ കണ്ണീരിലാഴ്ത്തി : രവീന്ദ്രനാഥ്

കേന്ദ്രസർക്കാർ കർഷകരെ കണ്ണീരിലാഴ്ത്തിയെന്ന് മന്ത്രി സി.രവന്ദ്രനാഥ് പറഞ്ഞു. വി.എൻ.വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം രാമപുരം, അയർക്കുന്നം, ആർപ്പൂക്കര, കുമാരനെല്ലൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് തുച്ഛമായ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പുത്തൻ തട്ടിപ്പുമായി ബി.ജെ.പി സർക്കാർ രംഗത്ത് വന്നിരിക്കുകയാണ്. കൃഷിപാടെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പ്രളയത്തെ അതിജീവിച്ച കേരളത്തെ പുനർനിർമിക്കാൻ അർഹമായ സഹായങ്ങൾ നൽകാതെയും ലഭിച്ചവ തടസപ്പെടുത്തിയും ഞെക്കികൊല്ലാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഏറ്റുമാനൂരിൽ പി.സി തോമസ്

ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് പ്രസാദം സ്വീകരിച്ച് തുടക്കമിട്ട പി.സി.തോമസിന്റെയാത്ര ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . തുടർന്ന് നീണ്ടൂർ ,അതിരമ്പുഴ, പഞ്ചായത്തുകളിലും ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും വോട്ടു ചോദിച്ച പി.സി.തോമസിനെ ഹർഷാരവത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഇരുചക്രവാഹനങ്ങളും വാദ്യമേളങ്ങളും പര്യടനത്തിന് ചാരുതയേകി.