solar

ചങ്ങനാശേരി: നഗരത്തിലെ പലഭാഗങ്ങളിലായി സ്ഥാപിച്ച സോളാർപാനലുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തനരഹിതമാവുകയും അതോടൊപ്പം വാഹനമിടിച്ച് തകർന്ന സോളാർ വിളക്കുകാലുകൾ നന്നാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാത്തും പ്രധാനറോഡുകളെ ഇരുട്ടിലേക്ക് നയിക്കുന്നു. ചങ്ങനാശേരി, പെരുന്ന, തെങ്ങണ, കുരിശുംമൂട് എന്നിവിടങ്ങളിലും പ്രധാന ജംഗ്ഷനിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്ത റോഡരികിലാണ് സോളാർ വിളക്കുകാലുകൾ സ്ഥാപിച്ചത്. എന്നാൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പാനലുകളിൽ ഭൂരിഭാഗവും റോഡരികിൽ കിടന്ന് നശിക്കുകയാണ്. നിയന്ത്രണം വിട്ട് എത്തുന്ന വാഹനങ്ങൾ ഇടിച്ചു തകർത്തവയാണ് ഇവയിലേറെയും. കൂടാതെ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞും പൊട്ടിച്ചും അവശേഷിച്ചവയും നശിപ്പിക്കുന്നു. അശാസ്ത്രീയ രീതിയിൽ സ്ഥാപിച്ചതും പാനലുകൾ ഉപയോഗ ശൂന്യമാവാൻ കാരണമാകുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.
രാത്രികാലങ്ങളിൽ സൗരോർജ വിളക്കുകൾ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നു. കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ കരാറുകാരാണ് സൗരോർജ വഴിവിളക്ക് സ്ഥാപിച്ചത്. അമ്പതു മീറ്ററിനുള്ളിൽ ഒരു സൗരോർജ വിളക്കുമരം എന്ന കണക്കിനാണ് ഇവ സ്ഥാപിച്ചിരുന്നത്. വാഹനമിടിച്ചു വിളക്കുകാലുകൾ തകരുമ്പോൾ വാഹന ഉടമകളിൽനിന്ന് നഷ്ടപരിഹാരം വാങ്ങുന്നുണ്ടെങ്കിലും തുടർ നടപടികളില്ല.

ഇടവഴികളും ഒറ്റപ്പെട്ട പ്രദേശങ്ങളും തെരുവുവിളക്കുകളുടെ അഭാവത്താൽ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതായും പരാതിയുണ്ട്. രാത്രി സമയങ്ങളിലും രാവിലെയും ജോലിസ്ഥലങ്ങളിലേക്കും മറ്റും പോകുന്നവർ ഇരുട്ടിൽതപ്പി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. തെരുവുനായ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഹൈമാസ്റ്റ് ലൈറ്റുകൾ നിശ്ചിതകാലം വരെ കരാറുകാരനാണ് നന്നാക്കേണ്ടത് ഇക്കാര്യത്തിലും നിംസഗത പുലർത്തുകയാണ്. തകർന്നു വീഴുന്ന സോളാർ വിളക്കുകാലുകളുടെ വില പിടിപ്പുള്ള ബാറ്ററി, സോളാർ പാനലുകൾ എന്നിവ പലയിടങ്ങളിലും മോഷ്ടിക്കപ്പെടുന്നതായും ആരോപണമുണ്ട്. ഇത് സംബന്ധിച്ച കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സൗരോർജ വിളക്കുകൾ ഉപയോഗപ്രദമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.