pump

പാലാ: മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്ന് ജലം മലിനമായതോടെ പാലാ നഗരത്തിൽ ജലവിതരണം പ്രതിസന്ധിയിലായി. ജല അതോറിറ്റിയുടെ പാലാ വലിയ പാലത്തിന് സമീപത്തെ പമ്പ് ഹൗസിൽ അടിഞ്ഞു കൂടിയ ചെളി കഴിഞ്ഞ ദിവസം തൊഴിലാളികൾ നീക്കം ചെയ്തു. വെള്ളം വളരെ കുറയുമ്പോഴാണ് ഇങ്ങനെ ചെളി അടിഞ്ഞുകൂടുന്നത്. വേനൽ കടുത്തതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് അതിവേഗം കുറഞ്ഞ് മലിനജലമാവുന്നതാണ് പാലാ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാകാൻ കാരണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള
നിരവധി അസംസ്‌കൃത വസ്തുക്കളും ചെളിയും പമ്പ് ഹൗസിലേക്ക് വെള്ളം ശേഖരിക്കുന്ന ഭാഗത്തു നിന്നും നീക്കം ചെയ്തു. പമ്പ് ഹൗസിന് സമീപം വെള്ളം വളരെ കുറഞ്ഞതോടെ പരിപ്പിൽകടവിൽ നിന്ന് ഇവിടെ ജലമെത്തിച്ച് വിതരണം നടത്തുകയാണിപ്പോൾ ജല അതോറിറ്റി .

വേനൽ കടുത്തതോടെ ജലത്തിന്റെ ഉപയോഗം കൂടിയത് ജല അതോറിറ്റിയേയും പ്രതിസന്ധിയിലാക്കുന്നുണ്ട്.നിരന്തരമായി കുടിവെള്ള പൈപ്പുകൾ പൊട്ടി ജലം പാഴായിപ്പോവുന്നത് പാലാ നഗരത്തിലെ നിത്യ കാഴ്ചയാണ്. യഥാസമയം അറ്റകുറ്റപ്പണികൾ തീർക്കാത്തതാണ്
ഇതിനു കാരണം. ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന മീനച്ചിലാർ നല്കുന്ന ഇപ്പോഴത്തെ സൂചനകൾ കൊടും വേനലിന്റെ മുന്നറിയിപ്പാണെന്ന് പഴമക്കാർ പറയുന്നു. മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴ കാര്യമായി പെയ്തിട്ടുമില്ല.