തലയോലപ്പറമ്പ് : വെട്ടിക്കാട്ടുമുക്ക് തൈക്കാവ് കുളിക്കടവ് സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അനധികൃത മണൽവാരൽ മൂലം കടവിന് ആഴം കൂടിയത് അപകടങ്ങൾക്കിടയാക്കുകയാണ്. കുളിക്കാനിറങ്ങിയ അയ്യപ്പഭക്തരും ഇതരസംസ്ഥാനക്കാരുമടക്കം 10 ഓളം പേർ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 28ന് കടവിൽ കുളിക്കാനിറങ്ങിയ വടകര സ്വദേശികളായ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. കയത്തിലേക്ക് മുങ്ങി താഴ്ന്ന ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ കൂടെയുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്താനായി. വെട്ടിക്കാട്ടുമുക്ക് ഭാഗത്ത് മറ്റ് കുളിക്കടവുകൾ ഇല്ലാത്തതിനാൽ നിരവധി പേരാണ് ഇവിടെ കുളിക്കാനും അലക്കാനുമായി എത്തുന്നത്. കുളിക്കടവിന് ചുറ്റും കല്ല് കെട്ടി സുരക്ഷാവലയം തീർക്കണമെന്നാണ് ആവശ്യം.