പാലാ : കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു മറിഞ്ഞ് അഞ്ച് യുവാക്കൾ മരിച്ചു ഇന്നലെ വൈകിട്ട് 6. 20 പാലാ -തൊടുപുഴ ഹൈവേയിൽ മാനത്തൂർ പള്ളി ജംഗ്ഷനു സമീപമായിരുന്നു അപകടം. കടനാട് നടുവിലേക്കുറ്റ് ജോബിൻസ് കെ. ജോർജ് (27), ഇരുവേലി കുന്നേൽ പ്രമോദ് (28), കിഴക്കേക്കര വിഷ്ണുരാജ് (29), ലേപ്പറമ്പിൽ ഉല്ലാസ് (38), അറയ്ക്കപറമ്പിൽ സുധി (27) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അന്തിനാട് മലയിൽ പ്രഭാതിനെ കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊടുപുഴയിൽനിന്ന് മടങ്ങി വരികയായിരുന്നു സംഘം സഞ്ചരിച്ച റിറ്റ്സ് കാർ മാനത്തൂർ പള്ളി ഭാഗത്ത് വച്ച് മറ്റൊരു വാഹനത്തെ പിന്തുടരുന്നതിനിടെ നിയന്ത്രണംവിട്ട റോഡ് വശത്തെ മരത്തിലും തുടർന്ന് കെട്ടിടത്തിലും ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. ജോബിൻസും വിഷ്ണുരാജും പ്രമോദും പുറത്തേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി തീ അണച്ച ശേഷം വാഹനം വെട്ടിപ്പൊളിച്ചാണ് ഉല്ലാസിനെയും സുധിയെയും പ്രഭാതിനെയും പുറത്തെടുത്തത്. സുധിയും ഉല്ലാസും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചശേഷമാണ് മരിച്ചത്.

സുധി എറണാകുളത്ത് ഡ്രൈവറായിരുന്നു. കടനാട് അറയ്ക്കപറമ്പിൽ ജോർജ് - സുധ ദമ്പതികളുടെ മകനാണ്. ഭാര്യ വല്ല്യാത്ത് കുന്നേൽ സലില. ഇവർക്ക് ആറുമാസം പ്രായമുള്ള കുട്ടിയുണ്ട്. സഹോദരി മീനുക്കുട്ടി. ഇരുവേലി കുന്നേൽ സോമൻ - രാധ ദമ്പതികളുടെ മകനായ പ്രമോദ് ആർട്ടിസ്റ്റും മേസ്തിരി പണിക്കാരനുമാണ്. കിഴക്കേക്കര രാജു- അനിത ദമ്പതികളുടെ മകനാണ് അപ്പൂസ് എന്ന് വിളിക്കുന്ന വിഷ്ണുരാജ്. പാലാ ചെത്തിമറ്റത്ത് ജിം ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൂന്നുമാസം മുമ്പായിരുന്നു വിവാഹം. ഭാര്യ കെഴുവംകുളം പുളിയന്മാനായിൽ നയന. നടുവിലേക്കുറ്റ് ജോയി- ലീലാമ്മ ദമ്പതികളുടെ മകനാണ് ടോണി എന്ന് വിളിക്കുന്ന റോബിൻസൺ. ചെരിപ്പ് വില്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ഉല്ലാസ് ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ : ഇന്ദു. മക്കൾ: അഭിനവ്, അഭിരാമി.