കുറവിലങ്ങാട് : കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ - മടയകുന്ന് റോഡ് തകർന്നിട്ട് മാസങ്ങളായിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു.

റോഡ് ശോചനീയവസ്ഥയിലായതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ് ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും. നിരവധി സ്വകാര്യ വാഹനങ്ങളുൾപ്പെട ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. കടപ്ലാമറ്റം പഞ്ചായത്തിലെ നെച്ചിമറ്റം, മടയകുന്ന് പ്രദേശത്തെ കൂടല്ലൂർ, കടപ്പൂര്, വയലാ, പാലാ എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡിൽ ഇതുവരെ അറ്റക്കുറ്റപ്പണികളോ റീ-ടാറിംഗോ ഒന്നും തന്നെ നടത്തിയിട്ടില്ല. റോഡിന്റെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് മെറ്റലും ചരലും നിറഞ്ഞു കിടക്കുയാണ്. ചെറുതും വലുതുമായ നിരവധി ഗർത്തങ്ങൾ റോഡിൽ രൂപം കൊണ്ടിട്ടുണ്ട്. ഇത് ഈ റോഡ് വഴിയുള്ള വാഹനയാത്രയും കാൽനടയാത്രയും ഏറെ ദുർഘടമാക്കുന്നുണ്ട്. ആരാധനലായങ്ങളിലേക്കും ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നതിനായി പ്രധാനമായും ഈ റോഡിനെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. വേനലായതിനാൽ ഇവിടെ പൊടി ശല്യം രൂക്ഷമാണ്. ഇതു മൂലം റോഡിനിരുവശവുമുള്ള പ്രദേശവാസികളും കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഏറെ വലയുന്നുണ്ട്.

കുഴികൾ നിറഞ്ഞു കിടക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. റോഡ് മോശമായതിനാൽ സവാരിക്കായി ഒാട്ടോറിക്ഷകൾ വിളിച്ചാൽ എത്താൻ ഡ്രൈവർമാർക്ക് മടിയാണ്. റോഡ് മോശമായതിനാൽ വാഹനങ്ങളുടെ ഭാഗങ്ങൾ തകരുന്നതിന് കാരണമാകുന്നു. റോഡ് നവീകരണത്തിനുള്ള നടപടികൾ ഒന്നും തന്നെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. റോഡ് റീ-ടാർ ചെയ്യണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു.