കോട്ടയം: മതത്തിന്റെ പേരിൽ വോട്ടു പിടിച്ച തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മതത്തെയും ദൈവത്തെയും ഉപയോഗിച്ച് വികാരമുണ്ടാക്കി വോട്ടു പിടിക്കലാണ് ബി.ജെ.പി തന്ത്രം. കളക്ടറുടെ നടപടി ശരിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ സ്തംഭിച്ചു നിൽക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളികാമറാ വിവാദത്തിൽ ജനകീയ കോടതി തീരുമാനിക്കട്ടെയെന്ന യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ വാദം ബാലിശമാണ്. രാഘവൻ മാത്രമല്ല ബി.ജെ.പി എം.പിമാരും ഒളികാമറയിൽ കുടുങ്ങിയിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണ്. അഞ്ചു കോടി വാഗ്ദാനം ചെയ്തവരെ എന്തു കൊണ്ട് രാഘവൻ ഇറക്കി വിട്ടില്ല. മുസ്ലീംലീഗുമായുള്ള ബന്ധം മൃദുഹിന്ദുത്വ നയം തുടരുന്ന കോൺഗ്രസ് ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ തയ്യാറാകുന്നില്ല. കേരളത്തിൽ മാത്രമാണ് കോൺഗ്രസിന് ന്യൂനപക്ഷ പ്രേമം. വയനാട്ടിൽ പാക് പച്ചക്കൊടി മുസ്ലീംലീഗ് ഉപയോഗിച്ചുവെന്ന ആരോപണത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. വയനാട്ടിലെ ഇടതു സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി പറയുന്നുണ്ട്. കെ.പി.സി.സിയോട് ചോദിച്ചല്ല ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിറുത്തുന്നതും മത്സരിക്കുന്നതും. ഇടതുമുന്നണിക്കെതിരെ ഒന്നും പറയില്ലെന്നു പ്രസ്താവിച്ച രാഹുൽഗാന്ധിയാണ് പിൻമാറേണ്ടത്. പ്രളയം മനുഷ്യനിർമിതമെന്ന റിപ്പോർട്ടു നൽകിയ അമിക്കസ് കൂറി യു.ഡി.എഫുകാരനാണെന്നും കോടിയേരി പറഞ്ഞു.