pola

കോട്ടയം: കോട്ടയം - ആലപ്പുഴ ജലഗതാഗത റൂട്ടിൽ പോള നിറഞ്ഞതോടെ ബോ‌ട്ട് ഗതാഗതം പൂർണമായും നിലച്ചു. കോടിമതയിലേയ്‌ക്ക് ബോട്ട് എത്താതായതോടെ സർവീസ് കാഞ്ഞിരംജെട്ടിയിലേയ്ക്ക് മാറ്റി. കോടിമതയിൽ നിന്നും മൂന്നു ബോട്ടുകൾ ആറു സർവീസുകളാണ് നടത്തിയിരുന്നത്. കോടിമതയിൽ നിന്നും പള്ളം കായൽ വഴി ആലപ്പുഴയ്ക്ക് നടത്തിയിരുന്ന സർവീസും നിറുത്തി വച്ചിട്ടുണ്ട്. ഈ സർവീസുകളെല്ലാം പകരം കാഞ്ഞിരംജെട്ടിയിൽ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. ബോട്ടുകളുടെ സർവീസുകളുടെ സമയവും പുനക്രമീകരിച്ചിട്ടുണ്ട്.

സമയ ക്രമം ഇങ്ങനെ

നേരത്തെ രാവിലെ 6.45, 11.30, ഉച്ചക്ക് 1.00, വൈകീട്ട് 3.30, 5.15 എന്നിങ്ങനെയായിരുന്നു ബോട്ടുകളുടെ സമയക്രമം. അരമണിക്കൂർ വൈകി രാവിലെ 7.15, ഉച്ചക്ക് 12.00, 1.30, 4.00, 5.45 എന്നീ സമയങ്ങളിലാണ് കാഞ്ഞിരത്തുനിന്ന് സർവീസുകൾ ആരംഭിക്കുക.

പോള ശല്യം അതിരൂക്ഷം

കോടിമത ബോട്ട് ജെട്ടി മുതൽ പുത്തൻതോടുവരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ പോള ശല്യമുള്ളത്. ബോട്ടുകളുടെ പ്രൊപ്പൈല്ലറിൽ പോളയും പായലും കുടുങ്ങുകയാണ്. ഇതു മൂലം ബോട്ടിൻ്റെ നിയന്ത്രണം നഷ്‌ടമാകുന്നു. ഇതേ തുടർന്ന് ബോട്ടുകൾ പലപ്പോഴും നിയന്ത്രണം നഷ്‌ടമായി അപകടത്തിലേയ്‌ക്ക് പോകുന്ന അവസ്ഥയാണ് ഉള്ളത്. മുഹമ്മ-കുമരകം ബോട്ട് രണ്ടാഴ്ചയലധികമായി കുമരകം കുരിശ്ശടിവരെയാണ് സർവീസ് നടത്തുന്നത്. ഇതുമൂലം യാത്രക്കാർ ഒരുകിലോമീറ്ററോളം നടന്ന് ബസ് സ്റ്റോപ്പിൽ എത്തേണ്ടി വരുന്നത് കൂടുതൽ പ്രയാസമുണ്ടാക്കുന്നുണ്ട്. ചുങ്കത്ത് 30 ഇരുമ്പുപാലത്തിന്റെ തകരാർ പരിഹരിച്ചെങ്കിലും ഇതുവരെ തുറന്നുകൊടുത്തില്ല. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജലപാതയുടെ കുറുകെ അഞ്ചുപൊക്കുപാലങ്ങൾ യാഥാർഥ്യമാക്കി കോടിമതജെട്ടിയിൽനിന്ന് കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് നടത്തിയെങ്കിലും മാസങ്ങളുടെ ആയുസ് മാത്രമാണുണ്ടായത്. ചുങ്കത്ത് 30 ഇരുമ്പുപാലം തകരാറിലായതാണ് സർവിസിനെ ബാധിച്ചത്. വരുമാനം കുത്തനെ ഇടിഞ്ഞ് നഷ്ടത്തിലേക്ക് കുപ്പുകുത്തി.