കോട്ടയം: ഭീഷണിപ്പെടുത്തിയുള്ള പ്രകൃതിവിരുദ്ധ ലൈംഗികപീഡനം അടക്കം ജീവപര്യന്തം ശിക്ഷ വരെ കിട്ടാവുന്ന വകുപ്പുകൾ ചുമത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം തയ്യാറായി. നാല് ബിഷപ്പുമാർ ഉൾപ്പെടെ 83 പ്രധാന സാക്ഷികളുണ്ട്. രണ്ടായിരം പേജുള്ള കുറ്റപത്രം ഇന്ന് രാവിലെ പാലാ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കും.
വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് തയ്യാറാക്കിയ കുറ്റപത്രം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ജെ.ബാബുവാണ് കോടതിയിൽ സമർപ്പിക്കുക. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ഭഗൽപൂർ രൂപത ബിഷപ്പ് കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ രൂപതാ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ എന്നിവരും തിരുവസ്ത്രം ഉപേക്ഷിച്ചവർ അടക്കം 25 കന്യാസ്ത്രീകളും 11 വൈദികരും മൊഴി രേഖപ്പെടുത്തിയ 10 മജിസ്ട്രേട്ടുമാരും സാക്ഷിപ്പട്ടികയിലുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 342,376(2) (കെ), 376(2 എൻ), 376 (സി) (എ),377,506(1) എന്നീ വകുപ്പുകൾ ചുമത്തിയതിനാൽ ജീവപര്യന്തമോ പത്തു വർഷത്തിലധികമോ ശിക്ഷ ലഭിക്കാമെന്ന് നിയമവിദഗ്ദ്ധർ പറഞ്ഞു. സാക്ഷികളുടെ കൂറുമാറ്റം തടയുന്നതിന് മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്തുകയും ഇത് വീഡിയോ കാമറയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ വൈക്കം ഡിവൈ.എസ്.പി കെ.സുബാഷ്, എസ്.ഐ എം.പി.മോഹൻദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സി.ഐമാരായ പി.വി. മനോജ് കുമാർ, കെ.എസ്.ജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ പി.വി.അനിൽകുമാർ, കെ.ജി.ശ്രീജ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ചുമത്തിയ വകുപ്പുകൾ
സെക്‌ഷൻ 342: അന്യായമായി തടഞ്ഞുവയ്ക്കൽ (ഒരു വർഷം കഠിന തടവും പിഴയും)
സെക്‌ഷൻ 376(സി)(എ): അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം. (5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ്)
സെക്‌ഷൻ 377: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം (പത്തു വർഷത്തിൽ കുറയാത്ത തടവും പിഴയും)
സെക്‌ഷൻ 506(1): ഭീഷണിപ്പെടുത്തൽ (7 വർഷം കഠിന തടവ്)
സെക്‌ഷൻ 376(2)(കെ): മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യുക (7 വർഷത്തിൽ കുറയാത്ത കഠിന തടവും പിഴയും)
സെക്‌ഷൻ 376(2)(എൻ): ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുക (പത്തു വർഷത്തിൽ കുറയാതെ തടവും പിഴയും)