maram


തലയോലപ്പറമ്പ് :റോഡ് ഇടിച്ചിലിനും നീരൊഴുക്കിനും തടസ്സമായി പുത്തൻ തോടിന് കുറുകെ കിടന്ന മരം ഒടുവിൽ വെട്ടിമാറ്റി. തലയോലപ്പറമ്പ് ചന്തപ്പാലം അടിയം റോഡിൽ പുത്തൻ തോടിന് കുറുകെ കടപുഴകി വീണ് കിടക്കുന്ന മരമാണ് കഴിഞ്ഞ ദിവസം അധികൃതർ വെട്ടിമാറ്റിയത്. ഏതാനും മാസങ്ങളായി കടപുഴകിവീണ മരം മുറിച്ച് നീക്കാത്തത് റോഡ് ഇടിച്ചിലിനും നീരൊഴുക്കിനും തടസമായിരുന്നു. പ്രളയത്തിൽ റോഡരികിൽ നിന്ന കൂറ്റൻ വാക മരം കടപുഴകിവീണതിനെ തുടർന്ന് റോഡിനോട് ചേർന്നുള്ള പുഴയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് റോഡ് അപകടാവസ്ഥയിലായിരുന്നു. ശിഖരങ്ങളുടെ ഭാരം മൂലം മരത്തിന്റെ താഴ്ഭാഗം പൊങ്ങി തീരം കൂടുതൽ ഇടിയുകയും തോട്ടിൽ മരത്തിന്റെ ചില്ലകൾ കിടക്കുന്നത് മൂലം മാലിന്യങ്ങൾ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്തതോടെ മരം നീക്കം ചെയ്ത് ഇടിഞ്ഞ് വീണ തീരം കല്ല് കെട്ടി സംരക്ഷിക്കണമെന്നും നീരൊഴുക്ക് സുഗമമാക്കണമെന്നും ആവശ്യം ശക്തമായിരുന്നു. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് കേരള കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.