water

ചങ്ങനാശേരി: ഞങ്ങൾക്ക് വെള്ളവും വഴിയും വേണം. രോഗം വന്നാൽ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ഒരു ഓട്ടോപോലും ഈ വഴി വരാൻ തയ്യാറാകുന്നില്ല. കുടിക്കാനാണെങ്കിൽ ഒരുതുള്ളി വെള്ളം പോലും ഇല്ലാത്ത അവസ്ഥ. ഒരു കിണറും നൂറ്റമ്പതു വീട്ടുകാരുമാണിവിടെയുള്ളത്. അധികൃതർ കനിഞ്ഞില്ലെങ്കിൽ ഞങ്ങളുടെ ജീവിതം അവതാളത്തിലാകും. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ റെയിൽവേക്ക് പടിഞ്ഞാറ് വശത്ത് പുതുച്ചില്ലത്ത് വടക്കേതിൽ മുതൽ തെക്കേയറ്റം വാലയിൽ ഭാഗം വരെയുള്ള കണ്ണന്ത്രക്കടവ് നിവാസികൾക്ക് ഒന്നടങ്കം പറയാനുള്ളത് ഇതാണ്. രക്ഷക്കെത്തേണ്ട ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഈ പ്രദേശത്ത് 150 ഓളം നിർദ്ധനകുടുംബങ്ങളാണ് താമസിക്കുന്നത്.


റെയിൽവേയുടെ പാത ഇരട്ടിപ്പിക്കലിന്റെ സമയത്ത് സ്ഥലം ഏറ്റെടുത്തപ്പോൾ ഇവരുടെ വഴിയും ഇല്ലാതായി. റെയിൽവേ പാളത്തിന് താഴെവശത്തുകൂടിയാണ് ആളുകൾ നടന്നു പോകുന്നത്. ഇതൊരു വഴിയായി റെയിൽവേയും കുറിച്ചി ഗ്രാമപഞ്ചായത്തും അംഗീകരിക്കാത്തതുമൂലം റോഡെന്നത് ഒരു സങ്കൽപ്പം മാത്രമായി അവശേഷിക്കുന്നു. ഇതുസംബന്ധിച്ച് ജനപ്രതിനിധികൾക്ക് കൊടുത്ത പരാതികൾക്ക് നാളുകളുടെ പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോഴുള്ള നടപ്പാത ഒരു മഴപെയ്താലുടൻ വെള്ളത്തിലാകും. ചാറ്റൽമഴ പെയ്താൽ മതി റോഡിൽ ചെളി നിറഞ്ഞ് ആളുകൾ തെന്നിവീഴുന്നത് പതിവാകുന്നു.

പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. അടുപ്പിൽ കത്തിക്കേണ്ട വിറകും ഗ്യാസും ഉൾപ്പെടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാമഗ്രികളും തലച്ചുമടായി വേണം എത്തിക്കാൻ. തൊട്ടടുത്തുള്ള നങ്ങ്യാർകരി പാടം 18 വർഷങ്ങളായി കൃഷിയില്ലാതെ തരിശായിക്കിടക്കുകയാണ്. ഇവിടെനിന്നുള്ള ഇഴജന്തുക്കളുടെയും മരപ്പട്ടിയുടെയും മറ്റും ശല്യം സഹിക്കാൻ കഴിയില്ലെന്ന് വീട്ടമ്മമാർ പറയുന്നു. വീട്ടിൽ ഒരു കോഴിയെപോലും വളർത്താൻ പറ്റാത്ത സ്ഥിതിവിശേഷമാണുള്ളത്. കോഴിയേയും ആടിനെയും ഒക്കെ മരപ്പട്ടികൾ ആക്രമിക്കുന്നതും പതിവാണ്.