ചങ്ങനാശേരി: തിരഞ്ഞെടുപ്പ് കാലത്ത് ഊന്നുകല്ല് കവലയ്ക്ക് എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ ! കോട്ടയം, മാവേലിക്കര, പത്തനംതിട്ട എന്നീ ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്നത് ഇവിടെയാണ്.
ലോക്സഭാ മണ്ഡലങ്ങൾ മാത്രമല്ല ഈ കവലയിൽ സംഗമിക്കുന്നത്. കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളുടേയും കറുകച്ചാൽ, വാകത്താനം, മാടപ്പള്ളി പഞ്ചായത്തുകളുടേയും സംഗമസ്ഥാനമാണിത്.
ഒരേ സ്ഥലത്ത് ഒാരോ മുന്നണിയുടെയും മൂന്ന് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ കാണാൻ കഴിയും. ഒരേ മുന്നണിയുടെ സ്ഥാനാർത്ഥികൾക്ക് ഒരുമിച്ച് വോട്ടു ചോദിക്കാനും വളരെ എളുപ്പം! വി.എൻ. വാസവനും വീണാ ജോർജിനും ചിറ്റയം ഗോപകുമാറിനും ഒരൊറ്റ യോഗത്തിൽ പ്രചാരണം നടത്താം. യു.ഡി.എഫിലെ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴികാടൻ എന്നിവരും എൻ.ഡി. എ യിലെ കെ. സുരേന്ദ്രൻ, തഴവ സഹദേവൻ പി. സി തോമസ് എന്നിവരും ഊന്നുകല്ലിൽ ഒരേപോലെ വോട്ട് തേടുന്നു.
മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളുടെയും സംഗമസ്ഥാനമായിട്ടും ഇവിടെ വികസന പദ്ധതികൾ ഒന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി തിരഞ്ഞെടുപ്പിനു മാത്രം സ്ഥാനാർത്ഥികൾ വന്ന് വോട്ട് ചോദിക്കും പിന്നെ അവരെ ഈ വഴിക്ക് കാണില്ലെന്ന് നാട്ടുകാർ പറയുന്നു.