km-mani

കോട്ടയം:കേരളകൗമുദിയുടെ ഉറ്റ ബന്ധുവായിരുന്നു എന്നും കെ.എം.മാണി. പത്രാധിപർ കെ.സുകുമാരന്റെ കാലം മുതൽ കൗമുദി കുടുംബവുമായുള്ള ഊഷ്മള ബന്ധം നാലാം തലമുറയിലും കാത്തു സൂക്ഷിച്ചിരുന്നു.

എം.എൽ.എ എന്ന നിലയിൽ കെ.എം.മാണിയുടെ രാഷ്ടീയ ജീവിതത്തിന്റെ അരനൂറ്റാണ്ട് കേരളകൗമുദി കോട്ടയം യൂണിറ്റ് വിപുലമായി ജന്മനാടായ പാലായിൽ ആഘോഷിച്ചിരുന്നു. തന്നെ ആദരിക്കുന്ന യോഗത്തിൽ എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വേണമെന്ന് മാണി പ്രത്യേകം നിഷ്കർഷിച്ചിരുന്നു. പെരുമ്പടവം ശ്രീധരൻ, പ്രൊ. മാടവന ബാലകൃഷ്ണപിള്ള, ജോസ് കെ മാണി തുടങ്ങിയവരും പങ്കെടുത്തിരുന്നു. കേരളത്തിൽ ഒരു മാദ്ധ്യമവും തന്നോട് കാണിക്കാതിരുന്ന ആദരവ് കേരളകൗമുദി കാട്ടിയത് പ്രസംഗത്തിൽ അദ്ദേഹം എടുത്തു പറഞ്ഞു. അന്തരിച്ച ചീഫ് എഡിറ്റർ എം.എസ്.രവി അടക്കം മുഴുവൻ കേരളകൗമുദി പ്രവർത്തകരെയും അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു ഭാര്യ കുട്ടിയമ്മയെയും മക്കളെയും പരിചയപ്പെടുത്തി സന്തോഷം പങ്കിട്ടു.

കേരളകോൺഗ്രസിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് കെ.എം.മാണിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ എക്സിബിഷൻ കേരളകൗമുദി സീനിയർ ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര കോട്ടയം മാമൻ മാപ്പിളഹാളിൽ നടത്തിയിരുന്നു. കുടുംബസമേതം ഫോട്ടോ പ്രദർശനം കാണാനെത്തിയ മാണി പ്രദർശനത്തിന് നന്ദിയും പ്രകടിപ്പിച്ചു .

കേരള കോൺഗ്രസിലെ നിരവധി പിളർപ്പുകൾ അടക്കം പാർട്ടിയിലെ അന്തർനാടകങ്ങളും അടിയൊഴുക്കുകളും എന്നും കേരളകൗമുദിയാണ് ആദ്യം പുറത്തു കൊണ്ടുവന്നിരുന്നത്. വാർത്ത വരുമ്പോൾ മാണിസാർ ഫോണിലൂടെ ജയകുമാറേ എന്ന് നീട്ടി വിളിക്കും ഒപ്പം നീണ്ട ചിരിയുമുണ്ടാകും. ആ ചിരിയിൽ വിമർശനവും അഭിന്ദനവും നിറഞ്ഞു നിന്നിരുന്നു .അതിനപ്പുറം വാർത്ത സംബന്ധിച്ച് മറ്റു നേതാക്കൾ കാണിക്കുന്ന അസഹിഷ്ണുത ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല.

കോട്ടയത്ത് പല തവണ പത്രാധിപർ അനുസ്മരണം ഉദ്ഘാടനം ചെയ്യാനും മുഖ്യ പ്രഭാഷണം നടത്താനും മാണി സാർ എത്തിയിരുന്നു. പത്രാധിപരെക്കുറിച്ചുള്ള ഊഷ്മളമായ അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നതിനു പുറമേ പത്രപ്രവർത്തന രംഗത്തെ ജീർണത ചൂണ്ടിക്കാട്ടി മറ്റു താത്പര്യങ്ങളൊന്നും ഇല്ലാതെ കേരളകൗമുദി വേറിട്ടു നിൽക്കുന്നത് ഉയർത്തിക്കാട്ടി സംസാരിച്ചിരുന്നു .