പാലാ : കേരള രാഷ്ട്രീയത്തിലെ പല സുപ്രധാന തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച, രാഷ്ട്രീയ ഭേദമില്ലാതെ പ്രമുഖരും സാധാരണക്കാരും എത്തി കാത്തുനിന്നിരുന്ന പാലായുടെ പ്രിയപുത്രൻ കെ.എം. മാണിയുടെ കരിങ്ങോഴയ്ക്കൽ തറവാട് ഇന്നലെ ശോകമൂകമായിരുന്നു. ഉച്ചയോടെ കെ.എം. മാണിയുടെ നില വഷളായെന്ന സൂചന ലഭിച്ചതോടെ പ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും കരിങ്ങോഴക്കലേക്ക് എത്തിത്തുടങ്ങി. എന്നാൽ മാണിയുടെ വസതിയും ഗേറ്റും പൂട്ടിയ നിലയിലായിരുന്നു. പ്രവർത്തകരും മാദ്ധ്യമങ്ങളും പുറത്ത് ഏറെനേരം കാത്തിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ മരണവാർത്ത പുറത്തുവന്നതോടെയാണ് ഗേറ്റ് തുറന്നത്. കെ.എം. മാണിയുടെ പ്രൈവറ്റ് സെക്രട്ടറി തങ്കച്ചൻ കുഴുമ്പിലും ഡ്രൈവർ ബെന്നിയും ഏതാനും ബന്ധുക്കളും അടുത്ത പാർട്ടി നേതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാലാ നഗരസാഭാദ്ധ്യക്ഷ ബിജി ജോജോ കുടക്കച്ചിറയാണ് മരണവാർത്ത പുറത്ത് വന്നശേഷം മാണിയുടെ വസതിയിലേക്ക് ആദ്യം എത്തിയ ജനപ്രതിനിധി. പിന്നീട് നഗരസഭയിലെ കൗൺസിലർമാരും കേരളാ കോൺഗ്രസ് ജില്ലാ, നിയോജകമണ്ഡലം, വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികൾ തുടങ്ങിയവർ എത്തിത്തുടങ്ങി. കോട്ടയം ലോക്‌സഭാ സ്ഥാനാർത്ഥി വി.എം. വാസവൻ, ലാലിച്ചൻ ജോർജ് എന്നിവരും വസതിയിലെത്തിയിരുന്നു