കോട്ടയം: കെ.എം മാണിയുടെ ഭൗതിക ദേഹം കോട്ടയം ജില്ലയിൽ നാലിടത്ത് പൊതുദർശനത്തിനു വയ്ക്കും. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും, തിരുനക്കര മൈതാനത്തും മരങ്ങാട്ടുപള്ളിയിലെ ജന്മനാട്ടിലും പാലാ നഗരസഭ ടൗൺ ഹാളിലുമാണ് പൊതുദർശനം.
ഇന്ന് രാവിലെ 9.30 ന് എറണാകുളം ലേക്ക്‌ഷോർ ആശുപത്രി മോർച്ചറിയിൽ നിന്ന് പുറത്തെടുക്കുന്ന മൃതദേഹം തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി വിലാപയാത്രയായി 12 ന് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിക്കും. ഇവിടെ അരമണിക്കൂറോളം അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ട്. 12.30 ന് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. രണ്ടിന് തിരുനക്കരയിൽ നിന്ന് കളക്ടറേറ്റ്, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയിൽ എത്തിക്കും. 3.30 വരെ ഇവിടെ ആദരാഞ്ജലികൾ അർപ്പിക്കാം. തുടർന്ന് 4.30 ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം. ഇതിനു ശേഷം ആറിന് പാലായിലെ വീട്ടിലെത്തിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്‌കാരം. തുടർന്ന് അനുശോചന യോഗം ചേരും.
കെ.എം മാണിയുടെ നിര്യാണത്തിൽ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ ജോസ് കെ.മാണി എം.പിയെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് യു.ഡി.എഫിന്റെ കോട്ടയം മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ മാറ്റി വച്ചു.