പാലാ : കരഞ്ഞ് കലങ്ങിയ കണ്ണുമായുള്ളവർ, പന്തൽ കെട്ടുന്നവർ, വെള്ള അലുക്ക് തുണികൾ വിരിക്കുന്നവർ....ഇന്നലെ രാവിലെ വീടായ കരിങ്ങോഴക്കൽ വീട്ടിലെ കാഴ്ചയിതായിരുന്നു. എവിടെയും ദു:ഖം തളം കെട്ടി നിൽക്കുന്നു. വല്ലാത്ത ഒരു ശൂന്യത പോലെ. പരസ്പരം പലരും മുഖത്തോട് മുഖം നോക്കുന്നുണ്ടെങ്കിലും ഒരക്ഷരം ഉരിയാടുന്നില്ല. തങ്ങളുടെ എല്ലാമെല്ലാമായ 'മാണിക്യം" മാഞ്ഞെന്ന് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല. എവിടെയൊക്കെയോ ആ ഓർമ്മകൾ അലയടിക്കുകയാണ്. ഇനി ആരോടാണ് ഞങ്ങൾ പരിഭവം പറയുന്നത്. ഒരു വാക്കു പോലും പറയാതെ പാലായെ അനാഥമാക്കിയിട്ട് അങ്ങ് പോയിക്കളഞ്ഞല്ലോ എന്റെ മാണി സാറേ...ആരൊക്കെ തള്ളിപ്പറഞ്ഞപ്പോഴും രാഷ്ട്രീയ തിരിച്ചടികൾ നേരിട്ടപ്പോഴും ഞങ്ങൾ ചേർത്തു പിടിച്ചില്ലേ...പാലാക്കാർക്ക് പറയാൻ ഒരുപാടുണ്ട് തങ്ങളുടെ പ്രിയനേതാവിനെ കുറിച്ച്. പക്ഷെ വാക്കുകൾ മുഴുവൻ മുഴുമുപ്പിക്കാനാകുന്നില്ല.
ഇന്ത്യൻ മണ്ണിൽ പാലാ എന്ന ദേശത്തിനു പേരും പെരുമയും ഉണ്ടാക്കിയ നേതാവ്. മദ്ധ്യകേരളത്തിലെ ഓരോ വീടുകളിലും ജാതി മത രാഷ്ട്രീയഭേദമില്ലാതെ അവരുടെ സുഖ സന്തോഷ ദുഃഖങ്ങളിൽ എന്നും അവരിൽ ഒരാളായി മാറിയ നേതാവ്. സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ കൊണ്ട് പോകുന്ന നേതാവ് എന്നു മറ്റുള്ളവർ പറയുമ്പോഴും ചെറുപുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പലവട്ടം അദ്ദേഹം പറഞ്ഞിട്ടുണ്ട് കുട്ടിയമ്മ ആദ്യ ഭാര്യയാണെങ്കിൽ പാലാ തന്റെ രണ്ടാം ഭാര്യയാണെന്ന്. ആധുനിക റോഡുകൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിന്തറ്റിക് സ്റ്റേഡിയം അങ്ങനെ എണ്ണിയാൽ തീരാത്ത വികസനങ്ങളാണ് മാണിയിലൂടെ പാലായിലുണ്ടായത്. ജനഹൃദയങ്ങളിൽ ഇടംപിടിക്കാൻ ഇതിൽക്കൂടുതൽ ഒരു ജനപ്രതിനിധി എന്ത് ചെയ്യണം. ഈ നാടും നാട്ടുകാരും ഉള്ള കാലം വരെയും മാണി സാർ നിലനിൽക്കും... മരിക്കില്ല. ജീവിക്കും ഞങ്ങളുടെ ഹൃദയങ്ങളിൽ.....അക്ഷരാർത്ഥത്തിൽ ഹൃദയം നിലച്ച പാലായിൽ... ഇനി അദ്ദേഹത്തിന്റെ ഓർമകൾ മാത്രം.... പ്രിയപ്പെട്ട മാണി സാറെ, അങ്ങേയ്ക്ക് വിട...വിട ... വിട...