hsptl

ചങ്ങനാശേരി : പുറമെ പുത്തൻ കെട്ടിടം, അകത്തേക്ക് കയറിയാൽ ഭീകരമെന്നേ പറയാനാകൂ. ഏത് നിമിഷവും നിലംപൊത്താം. ഭീതിയോടെയാണ് മന്ദിരം ആശുപത്രിയിൽ രോഗികൾ ചികിത്സതേടി എത്തുന്നത്. പനച്ചിക്കാട്, കുറിച്ചി, മന്ദിരം, നീലംപേരൂർ, കൈനടി എന്നീ പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് സചിവോത്തമപുരം മന്ദിരം ആശുപത്രി. ആശുപത്രിയുടെ നവീകരണപ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയായെങ്കിലും പഴയ കെട്ടിടങ്ങൾ ഇപ്പോഴും ശോച്യാവസ്ഥയിലാണ്. കോൺക്രീറ്റ് തൂണുകൾ പൊട്ടിപ്പൊളിഞ്ഞും കമ്പികൾ പുറത്തുകാണാവുന്ന നിലയിലുമാണ്. വിവിധ വിഭാഗങ്ങൾ ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നവീകരണത്തിന് ശേഷം സ്ഥലസൗകര്യം കുറഞ്ഞു. പാർക്കിംഗ് സൗകര്യമില്ലാത്തതും ദുരിതം സൃഷ്ടിക്കുന്നു. എം.സി.റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കും.

തെരുവ് നായ്ക്കളുടെ വിശ്രമകേന്ദ്രം

ആശുപത്രി വരാന്തകളും ആശുപത്രി അങ്കണവും തെരുവ്‌നായ്ക്കളുടെ വിശ്രമകേന്ദ്രമാണ്. ഫാർ‌മസിക്ക് മുന്നിൽ നായ്ക്കൾ കൂട്ടത്തോടെ നിൽക്കുന്നത് രോഗികളെ ഭീതിയിലാഴ്ത്തുന്നു.

അടച്ചുറപ്പില്ലാത്ത വാതിലുകൾ

ടോയ്‌ലെറ്റുകളിലെ വാതിലുകൾക്ക് അടച്ചുറപ്പില്ല. ഉള്ളവയാകട്ടെ പൂട്ട് ഇല്ലാത്തതും തുരുമ്പെടുത്തു നശിച്ചവയുമാണ്. രണ്ടു ടോയ്‌ലെറ്റുകളാണുള്ളത്. ആവശ്യത്തിനുള്ള വെള്ളവുമില്ല. മലിനജലം മൂടിയില്ലാത്ത പൈപ്പുകളിലൂടെയാണ് പോകുന്നത്. ഇതിനടുത്താണ് കിടപ്പുരോഗികളുടെ വാർഡ് സ്ഥിതി ചെയ്യുന്നത്.