കോട്ടയം : കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം.മാണിയുടെ മൃതദേഹവും വഹിച്ചുള്ള വാഹനം ഉച്ചയ്ക്ക് 12ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്തിയപ്പോൾ രാത്രി ഏറെ വൈകി.
ക്ലീൻ ഷേവ് ചെയ്ത മുഖത്ത് വരിഞ്ഞുകെട്ടിയ വെള്ളത്തുണിയോടെ മാണിയുടെ മൃതദേഹം വേദിയിൽ കിടത്തിയപ്പോൾ മണിക്കൂറുകളോളം കാത്തിരുന്ന ആയിരങ്ങൾ ഒരു നോക്കു കാണാനായി തിരക്കിട്ടു.
രാവിലെ കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ നിന്ന് തിരിച്ച മൃതദേഹവും വഹിച്ചുള്ള എ.സി വോൾവോ ബസിൽ മകൻ ജോസ് കെ. മാണിയും കുടുംബാംഗങ്ങളും മറ്റ് കേരളകോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നു. വഴി നീളെ നേതാവിനെ ഒരു നോക്കു കാണാൻ പല സ്ഥലത്തും വാഹനം തടഞ്ഞിട്ട് നൂറ് കണക്കിനാളുകൾ പുഷ്പ ചക്രങ്ങളുമായി കാത്തു നിന്നിരുന്നു. ഇതോടെ മംണിക്കൂറുകൾ വൈകിയാണ് ഒാരോ സ്ഥലത്തും വിലാപയാത്ര കടന്നുപോയത്.
അതിനാൽ തിരുനക്കര മൈതാനത്തെ അന്തിമോപചാരമർപ്പിക്കലും നീണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടറിൽ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങി തിരുനക്കര മൈതാനത്ത് എത്താനായിരുന്നു തീരുമാനം. വൈകുമെന്നറിഞ്ഞതോടെ കടുത്തുരുത്തിലേക്ക് പോയി വോൾവോ ബസിനുള്ളിൽ കയറിയായിരുന്നു മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വി.എസ്. അച്യുതാനന്ദനും അന്തിമോപചാരമർപ്പിക്കാൻ കടുത്തുരുത്തിയിലാണെത്തിയത്.
തിരുനക്കര മൈതാനത്തു നിന്ന് കേരളകോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൃതദേഹമെത്തുമ്പോൾ രാത്രിയായിരുന്നു. കെ.എം.മാണി ചെയർമാൻ എന്ന ബോർഡ് വച്ച അടഞ്ഞ ഓഫീസ് മുറിക്കു സമീപം വിശാലമായ കാർപോർച്ചിൽ അന്തിമോപചാരമർപ്പിക്കാൻ രാവിലെ മുതൽ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരുണ്ടായിരുന്നു. മാണി സാർ അവസാന ഉറക്കത്തിലായ ഗ്ലാസ് പേടകത്തിന് മുകളിൽ ചുംബിച്ചു പൂക്കളർപ്പിച്ചു പലരും വിങ്ങിപ്പൊട്ടി. അരനൂറ്റാണ്ടിലേറെയായി രണ്ടാം ഭാര്യയെപ്പോലെ മാണി പരിപാലിക്കുന്ന ജന്മനാടായ പാലായിലേക്ക് വാഹനം നീങ്ങി. വഴികളിലെല്ലാം വിലാപയാത്ര കാണാൻ മൊബൈൽ വെളിച്ചം തെളിച്ചു വരെയായിരുന്നു നാട്ടുകാർ കാത്തു നിന്നിരുന്നത്. തറവാട് വീടിരിക്കുന്ന മരങ്ങാട്ടു പിള്ളിയിലും പാലാ മുനിസിപ്പൽ ടൗൺഹാളിലും പതിനായിരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. രാത്രി ഏറെ വൈകിയാണ് മൃതദേഹം കുടുംബവീടായ പാലാ കരിങ്ങോഴിക്കൽ വീട്ടിലെത്തിച്ചത്.
ഇന്ന് രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം. ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്കാര ശുശ്രൂഷ ആരംഭിക്കും.മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലെ കുടുംബകല്ലറയിൽ അടക്കുന്നതോടെ കേരളരാഷ്ടീയത്തിലെ ഒരു യുഗത്തിന് അന്ത്യമാകും.