manal-kuzhikal

തലയോലപ്പറമ്പ് : കരമണൽ ഖനനത്തിന് ശേഷം മൂടാതെ കിടക്കുന്ന മണൽക്കുഴികൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. വെള്ളൂർ, മറവൻതുരുത്ത്, ഉദയനാപുരം, ചെമ്പ് പഞ്ചായത്തുകളിലാണ് കുഴികൾ ഏറെയും. 50 അടിയിൽ അധികം ആഴമുള്ള കുഴികളാണ് ഇതിൽ ഭൂരിഭാഗവും. മണൽ എടുത്തശേഷം കുഴിമൂടണമെന്ന വ്യവസ്ഥയിലാണ് പാസും പെർമിറ്റും എടുക്കുന്നത്. എന്നാൽ വൻതോതിൽ മണൽ ഖനനം നടത്തിയശേഷം കുഴികൾ മൂടാതെ നിയമനടപടികളിൽ നിന്നും രക്ഷപ്പെടുന്നതിനായി ഈ സ്ഥലം ബിനാമി പേരിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അനൗദ്യോഗിക കണക്ക് പ്രകാരം വൈക്കം താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ള മണൽ കുഴികളിൽ വീണ് വിദ്യാർത്ഥികൾ അടക്കം 14 ഓളം പേർ മരിച്ചിട്ടുണ്ട്. മൂന്ന് മാസം മുൻപ് ചെമ്മനാകരിയിൽ മണൽക്കുഴിയിൽ മീൻ പിടിക്കാൻ പോയ മധ്യവയസ്ക്കൻ കുഴിയിൽ വീണ് ദാരുണാന്ത്യം സംഭവിച്ചിരുന്നു. വെള്ളൂർ പുത്തൻ ചന്തയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മണൽ കുഴിയിൽ വീണ് വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത് മൂന്ന് വർഷം മുൻപാണ്. ഉദയനാപുരം സ്വദേശിയായ യുവതി വീടിന് സമീപത്തുള്ള മണൽ കുഴിയിൽ വീണ് മരിച്ചതും രണ്ട് വർഷം മുൻപാണ്. കഴിഞ്ഞ 28ന് വെട്ടിക്കാട്ട്മുക്ക് തൈക്കാവ് കടവിൽ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങൾ നിലയില്ലാകയത്തിൽ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. വെട്ടിക്കാട്ട്മുക്ക് പാലത്തിന് സമീപം അനധികൃത മണൽ വാരൽ മൂലം പുഴയിൽ വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഗർത്തങ്ങളിൽ മുങ്ങിത്താഴ്ന്നാൽ നീന്തൽ വശമുള്ളവർ പോലും രക്ഷപ്പെടുക ഏറെ പ്രയാസമാണ്. തലയോലപ്പറമ്പിലും പരിസര പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ ഭാഗങ്ങളിലാണ് ഏറ്റവും അധികം അപകടകുഴികൾ. ഇതറിയാതെയാണ് കുട്ടികൾ പുഴയിൽ ചാടുന്നത്. കുഴിനികത്തി പൂർവ്വ സ്ഥിതിയിലാക്കണമെന്നും ജല സ്രോതസ്സുകളിൽ നിന്നും 50 മീറ്റർ അകലം പാലിക്കണമെന്നും വ്യവസ്ഥയുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാതെയാണ് കരമണൽഖനനം പ്രദേശത്ത് നടന്നിരുന്നത്. ഔദ്യോഗിക കണക്കുപ്രകാരം ഉദയനപുരം പഞ്ചായത്തിൽ 17 കുഴികളാണ് ഉള്ളത്. അതിൽ ഒരെണ്ണം മാത്രമാണ് മൂടിയത്. മൂടാതെ കിടക്കുന്ന 16 ഓളം കുഴികൾ ഏറെ അപകടഭീഷണി ഉയർത്തുന്നവയാണ്. കണക്കില്ലാതെ 100 ൽപ്പരം മണൽ കുഴികളാണ് ഇവിടെ ഉള്ളത്. അപകടഭീഷണിയായ കുഴികൾ മൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ മൈമനിംഗ് ആന്റ് ജിയോളജി വകുപ്പ് അധികൃതർക്ക് പലവട്ടം പരാതി നൽകിയെങ്കിലും ബന്ധപ്പെട്ട അധികൃതർ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. തുടർന്ന് തിരുവനന്തപുരം മൈനിംഗ് ആന്റ് ജിയോളി ഡയറക്ടറേറ്റ് ഹൈക്കോടതി വിധി അടിയന്തിരമായി നടപ്പാക്കണമെന്നും പെർമിറ്റ് ഉടമകളുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും കാണിച്ച് ജില്ലാ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് അടിയന്തിര നിർദ്ദേശം നൽകി 6 മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

* നികത്താതെ കിടക്കുന്ന മണൽക്കുഴികൾ ഏറെയും വെള്ളൂർ, മറവന്തുരുത്ത്, ഉദയനാപുരം, ചെമ്പ് പഞ്ചായത്തുകളിൽ.

* കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മണൽകുഴികളിൽ വീണ് മരിച്ചത് 14 ഓളം പേർ.

* തിരുവനന്തപുരം മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറേറ്റ് നിർദ്ദേശമുണ്ടായിട്ടും ഉത്തരവ് നടപ്പായിട്ടില്ല.