പാലാ: പ്രിയപ്പെട്ട മാണിസാറിനെ അവസാനമായി ഒരു നോക്കു കാണാൻ നിറമിഴികളുമായി കാത്തു നിന്ന ആയിരങ്ങളുടെ ദുഃഖം ആർത്തല ച്ചെത്തിയ പ്രകൃതിയും ഏറ്റെടുത്തു. ഇന്നലെ വൈകിട്ട് നാലോടെ പാലായിൽ പ്രകൃതിയൊരുക്കി കണ്ണീർക്കടലോളം കനത്ത മഴ.
വൈകിട്ട് 4 ഓടെ ഭൗതികദേഹം പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കുമെന്നായിരുന്നൂ ആദ്യ അറിയിപ്പ്. അന്ത്യാഞ്ജലി അർപ്പിക്കാനായി നഗരത്തിലേക്ക് ആയിരക്കണക്കിന് ആളുകൾ എത്തി. ഇതിനിടെയാണ് ശക്തമായ ഇടിയോടു കൂടി മഴ പെയ്തത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ആദ്യമായാണ് നഗരത്തിൽ ഇത്ര ശക്തമായ മഴ പെയ്യുന്നത്. റോഡുകളിലൂടെ മഴവെള്ളം കൂലംകുത്തിയൊഴുകി. നേരത്തേ പറഞ്ഞതിലും, വളരെ വൈകി രാത്രിയോടെ മൃതദേഹം പാലായിൽ കൊണ്ടു വരൂ എന്ന വിവരം ലഭിച്ചതോടെ മിക്കവരും വീടുകളിലേക്ക് മടങ്ങി. ചിലരാകട്ടെ കടുത്തുരുത്തിയിലും , കോട്ടയത്തും മരങ്ങാട്ടുപിള്ളിയിലേക്കും പോയി അന്ത്യോപചാരമർപ്പിച്ചു. രാത്രി വൈകി മൃതദേഹം പാലായിലെത്തിച്ചപ്പോൾ ആയിരങ്ങളാണ് വിങ്ങുന്ന മനസുമായി പ്രിയനേതാവിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.