കോട്ടയം: പൊരിവെയിലത്തും ചെറുമഴയത്തും വഴിക്കണ്ണുമായി കാത്തു നിന്നവർക്കെല്ലാം ഒറ്റ ചിന്തയായിരുന്നു. പ്രിയനേതാവിനെ, പ്രിയപ്പെട്ട മാണി സാറിനെ ഒരു നോക്കുകാണുക. അലങ്കരിച്ച കെ.യു.ആർ.ടി.സി ലോ ഫ്ളോർ ബസിനകത്ത് ശവമഞ്ചത്തിൽ തൂവെള്ളയണിഞ്ഞ് അന്ത്യനിദ്ര പുൽകുന്ന മാണി സാറിന് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നാട് അന്തിമോപചാരം അർപ്പിച്ചത്. പ്രതീക്ഷിച്ചതിലും എട്ട് മണിക്കൂർ വൈകി രാത്രി രണ്ടിന് ശേഷം കെ.എം.മാണിയുടെ ഭൗതിക ദേഹം കരിങ്ങോഴയ്ക്കൽ വീടിന്റെ ഉമ്മറത്തേക്ക് എടുത്തുവയ്ക്കുമ്പോൾ പ്രിയതമ കുട്ടിയമ്മയും മക്കളും ബന്ധുക്കളുമെല്ലാം വാവിട്ട് കരഞ്ഞു...
എറണാകുളം ലേക്‌ഷോർ ആശുപത്രി മുതൽ പാലായിലെ വീട് വരെ വഴിയിരികിൽ കാത്ത് നിന്ന ജനസാഗരം, കെ.എം.മാണിയെന്ന നേതാവിന് കേരളത്തിന്റെ രാഷ്‌ട്രീയ മനസിലെ സ്ഥാനം വെളിപ്പെടുത്തി.
ഇന്നലെ രാവിലെ 10.05നാണ് വിലാപ യാത്ര തുടങ്ങിയത്. യാത്ര കടന്നു പോകുമ്പോൾ ഹൃദയത്തിൽ വിങ്ങലുമായി ആളുകൾ വാഹനത്തിന് ചുറ്റും കൂടി. വ്യാപാരികൾ കടകളടച്ച് ആദരവ് പ്രകടിപ്പിച്ചു. 11.30ന് തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ ശോകമൂകമായിരുന്നു. പൊരിവെയിലത്തും ഉദയംപേരൂർ കവലയിൽ അന്തിമോപചാരം അർപ്പിക്കാൻ ആളുകൾ തിക്കിത്തിരക്കി. അവിടെ നിന്ന് പൂത്തോട്ട വഴി കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുമ്പോൾ രണ്ട് മണി അടുത്തിരുന്നു. വൈക്കത്ത് എത്തുമ്പോൾ മാനം കറുത്തിരുണ്ടു. ദുഖം തളംകെട്ടി നിൽക്കുമ്പോൾ ചെറുമഴയായി പ്രകൃതിയും കണ്ണീർ പൊഴിച്ചു. പണ്ട് കെ.എം.മാണിയുടെ പ്രസംഗങ്ങൾ പ്രകമ്പനം കൊള്ളിച്ചിരുന്ന തെരുവുകളെല്ലാം ഇന്നലെ വിങ്ങി. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചവരൊക്കെ നിറകണ്ണ് തുടച്ചു. സ്ത്രീകളടക്കമുള്ള നൂറ് കണക്കിന് പേർ വികാരവായ്പ്പോടെയാണ് ആദരാഞ്ജലി അർപ്പിച്ചത്.
നിശ്ചയിച്ച സമയത്ത് എത്തില്ലെന്ന് ഉറപ്പായപ്പോൾ പൊലീസ് നിയന്ത്രണം ഏറ്റെടുത്തെങ്കിലും പ്രിയനേതാവിനോടുള്ള ആളുകളുടെ സ്നേഹത്തിന് മുന്നിൽ എല്ലാം അലിഞ്ഞില്ലാതായി. കോട്ടയത്ത് എത്താൻ ഏറെ വൈകുമെന്ന് ബോദ്ധ്യപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്.അച്യുതാനന്ദനും അടക്കമുള്ള നേതാക്കൾ കടുത്തുരുത്തിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. ഒന്നര മണിക്കൂറിലേറെ എടുത്തു കടുത്തുരുത്തിയിൽ നിന്ന് വിടവാങ്ങാൻ. കുറുപ്പുന്തറയും ഏറ്റുമാനൂരും പിന്നിട്ട് തിരുനക്കര മൈതാനിയിലേക്ക് എത്തുമ്പോൾ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.
വൻ ജനാവലിയാണ് തിരുനക്കരയിലും കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലും കാത്തു നിന്നിരുന്നത്. പിന്നീട് കളക്ടറേറ്റ്, മണർകാട്, അയർക്കുന്നം കിടങ്ങൂർ വഴി സ്വദേശമായ കടപ്ളാമറ്റത്ത് എത്തിക്കുമ്പോൾ പ്രായമായവർ വരെ പ്രിയപ്പെട്ട മാണിയെ കാണാൻ കാത്തുനിന്നിരുന്നു. കരുങ്ങോഴയ്‌ക്കൽ വീടിന്റെ പൂമുഖത്തെ ചാരുകസേരയിൽ ചിരിതൂകി കിടന്നിരുന്ന കെ.എം.മാണി അവസാന നിദ്രയിലാണ്ട് കടന്നു വന്നപ്പോൾ അവരുടെ ഉള്ളം കലങ്ങി...