കോട്ടയം: നഗരമദ്ധ്യത്തിലെ ഇറച്ചി സ്റ്റാളുകൾ നഗരസഭ അധികൃതർ അടച്ചു പൂട്ടിയതോടെ ഇറച്ചി വ്യാപാരത്തിൽ വൻ പ്രതിസന്ധി. നഗരസഭയുടെ അംഗീകാരമുള്ള ഇറച്ചി സ്റ്റാളുകൾ അടച്ചു പൂട്ടിയതോടെ, അനധികൃത അറവുശാലകളിൽ നിന്നും വൻ തോതിൽ ഇറച്ചി നഗരത്തിലേയ്‌ക്ക് എത്തുകയാണ്. ഇത് സുരക്ഷിതമാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഇറച്ചി മാർക്കറ്റിന്റെ ലൈസൻസ് പുതുക്കി നൽകാത്തതിൽ പ്രതിഷേധവുമായി വ്യാപാരികളും രംഗത്ത് എത്തിയിട്ടുണ്ട്.
കോടിമത പച്ചക്കറി മാർക്കറ്റിനു സമീപം ആധുനിക അറവുശാല സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള നടപടികളുടെ ഭാഗമായാണ് പഴയ അറവുശാല അടച്ചു പൂട്ടുന്നതെന്നായിരുന്നു നഗരസഭയുടെ വിശദീകരണം. മാർച്ച് 31 മുതലാണ് നഗരമദ്ധ്യത്തിൽ മാർക്കറ്റിനുള്ളിലെ ഇറച്ചി വ്യാപാരം നഗരസഭ ഏതാണ്ട് പൂർണമായും അവസാനിപ്പിച്ചത്. എന്നാൽ, ഇതുവരെയും പുതിയ അറവുശാലയിലേയ്‌ക്ക് വ്യാപാരികളെ മാറ്റുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ഈ അറവുശാലയിൽ മൃഗഡോക്‌ടർ പരിശോധിച്ച് രോഗങ്ങളില്ലെന്ന് ഉറപ്പു വരുത്തുന്ന മൃഗങ്ങളെയാണ് ഇറച്ചിയ്‌ക്കായി അറുത്തിരുന്നത്. എന്നാൽ, നിലവിൽ ഈ അറവുശാല അടച്ചു പൂട്ടിയതോടെ അനധികൃത അറവുശാലകളിൽ നിന്നുള്ള ഇറച്ചിയാണ് വൻ തോതിൽ നഗരത്തിൽ എത്തുന്നത്. ഇത് വൻ രോഗങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയാണ് ഉയർത്തുന്നത്.
എട്ട് മട്ടൻ സ്റ്റാളുകളും, നാല് ബീഫ് സ്റ്റാളുമാണ് നഗരമദ്ധ്യത്തിലെ അറവുശാലയിൽ പ്രവർത്തിച്ചിരുന്നത്. 17 ഓളം തൊഴിലാളികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മുപ്പതിലേറെ കുടുംബങ്ങളാണ് ഇവരെ ആശ്രയിച്ച് കഴിയുന്നത്. എന്നാൽ, ഇതുവരെയും ഈ അറവുശാലയിലെ ജീവനക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചിട്ടില്ല.