ചങ്ങനാശേരി: വിഷുവിനും ഈസ്റ്ററിനും ഈ മാസത്തെ റേഷൻ കാർഡുടമകൾക്കു ലഭിക്കില്ല. ഈ മാസം വിതരണം ചെയ്യേണ്ട റേഷനരി ഇതുവരേയും ചങ്ങനാശേരി താലൂക്കിലെ ഭൂരിപക്ഷം കടകളിലും എത്തിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല.
സപ്ലൈക്കോ ഭക്ഷ്യധാന്യം കടകളിലെത്തിക്കാൻ തുടങ്ങിയിട്ടു മൂന്നു ദിവസം മാത്രമേ ആയിട്ടുള്ളൂ. ഒരു ദിവസം 7 കടകൾക്കു മാത്രമാണ് അരി എത്തിക്കുന്നത്. ഈ വിധത്തിൽ താലൂക്കിലെ 169 കടകളിൽ ഭക്ഷ്യധാന്യം എത്തണമെങ്കിൽ ഇനിയും 20 ദിവസമെങ്കിലും കഴിയും.
റേഷൻ കയറ്റുന്ന തൊഴിലാളികൾ ക്ഷേമനിധി ബോർഡിന്റെ കീഴിലായതിനാൽ തൊഴിലാളികളുടെ മെല്ലെപ്പോക്കും, ലോറികളുടെ എണ്ണക്കുറവും വിതരണത്തെ ബാധിക്കുന്നുണ്ട്.
ചില കടകളിൽ പച്ചരിയും, പുഴുക്കലരിയും ഉണ്ടെങ്കിലും കുത്തരി ഇല്ലാത്തതിനാൽ വിതരണം ചെയ്യാൻ കഴിയില്ല. സ്റ്റോക്ക് കുറവുള്ള കടകളിൽ അരി എത്തിക്കുന്നതിനു പകരം പഞ്ചായത്ത് അടിസ്ഥാനത്തിലാണ് വിതരണം. താലൂക്കിൽപെട്ട വെള്ളാവൂർ പഞ്ചായത്തിൽ വിതരണം ആരംഭിച്ചെങ്കിലും മുനിസിപ്പൽ പ്രദേശത്തെ റേഷൻ കടകളിൽ ഈ മാസം അവസാനമേ അരി എത്തുകയുള്ളൂ.
മുൻ വർഷങ്ങളിൽ വിഷു, ഈസ്റ്റർ പ്രമാണിച്ച് സ്‌പെഷ്യൽ പഞ്ചസാര ഉണ്ടായിരുന്നെങ്കിലും ഇപ്രാവശ്യം അതും ഇല്ല.
ഓരോ കടയിലേയും സ്റ്റോക്ക് തിട്ടപ്പെടുത്തി, അരി ഇല്ലാത്ത കടകളിൽ വിഷുവിനും ഈസ്റ്ററിനും മുമ്പായി അരി എത്തിക്കണമെന്നും, അതു സാദ്ധ്യമാകുന്നില്ലെങ്കിൽ കോംബോ സമ്പ്രദായം ഏർപ്പെടുത്തി കടയിൽ സ്റ്റോക്കുള്ള ഇഷ്ടമുളള അരി വാങ്ങാൻ അനുമതി നൽകണമെന്നും ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആവശ്യപ്പെട്ടു.