ചങ്ങനാശേരി : ആലായാൽ തറ വേണം, അടുത്തൊരമ്പലം വേണം, ആലിനു ചേർന്നൊരു കുളവും വേണം. ഇതാണ് മലയാളിയുടെ ക്ഷേത്രസങ്കല്പം. എന്നാൽ നൂറ്റാണ്ട് പഴക്കമുള്ള ഇത്തിത്താനം ചിറവംമുട്ടം മഹാദേവക്ഷേത്രംവക കുളം നാശോന്മുഖമായിട്ട് പതിറ്റാണ്ടുകളായി.
പണ്ടുകാലത്ത് ഈ പ്രദേശത്തുള്ളവർ ഈ കുളത്തിൽ കുളിച്ച് ഈറനായാണ് ക്ഷേത്രദർശനം നടത്തിയിരുന്നത്. ചുറ്റുപാടും കല്പടവുകളുള്ള ഈ കുളം ഇപ്പോൾ കാടുകയറിയ നിലയിലാണ്. സമീപത്തായുള്ള ചിറവംമുട്ടംകോമന്നൂർ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് കുളത്തിൽ വീണുകിടക്കുന്നു.
മന്നത്തുകടവിൽ നിന്നും ക്ഷേത്രകുളത്തിലേക്ക് വരുന്ന നീർച്ചാൽ ഇപ്പോൾ കാടുകയറിയ നിലയിലാണ്. ഈ ചാൽ ചെളിനീക്കം ചെയ്ത് ആഴം കൂട്ടി കുളത്തിലെത്തിച്ചാൽ കുളം പഴയതുപോലെ ജലസമൃദ്ധമാകും. പക്ഷേ സർക്കാർ വക ക്ഷേത്രകുളം നന്നാക്കാൻ ഫണ്ട് അനുവദിക്കാനാവില്ലെന്നാണ് ത്രിതലപഞ്ചായത്ത് പ്രതിനിധികൾ പറയുന്നത്.
ചിറവംമുട്ടം-കോമന്നൂർ റോഡ് കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞു താണതുമൂലം ഇതുവഴിയുള്ള യാത്രയും ദുർഘടമാണ്. അമ്പലക്കുളത്തിലെ കാട്ടിൽനിന്നും രാത്രികാലങ്ങളിൽ ഇഴജന്തുക്കൾ റോഡിൽ വരുന്നത് പതിവാണ്. ഇവിടെ വഴിവിളക്കുകൾ പ്രകാശിക്കാത്തതും അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു.
സംരക്ഷണഭിത്തി കെട്ടുന്നതിനായി 2 ലക്ഷം രൂപ എംഎൽഎ അനുവദിച്ചിരുന്നു. ഇതേ തുടർന്ന് ഗുണഭോക്തൃസമിതി രൂപീകരിച്ചെങ്കിലും പിന്നീട് കാര്യമായ പ്രവർത്തനമുണ്ടായില്ല.