വൈക്കം : അവധിക്കാലമെത്തിയതോടെ നഗരസഭ ബീച്ചിൽ തിരക്കേറി. വൈകുന്നേരമായാൽ കുട്ടികളുമൊത്ത് ബീച്ചിലെത്തുന്നത് നിരവധിപ്പേരാണ്. ബീച്ചിലെ നടപ്പാതയ്ക്ക് കൈവരികളില്ലാത്തത് അപകടസാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. നവീകരണത്തിന്റെ ഭാഗമായി കായലിനോട് അതിരിട്ട് 340 മീറ്റർ നീളത്തിൽ നഗരസഭ വാക്ക് വേ നിർമ്മിച്ചിട്ടുണ്ട്. സായാഹ്നങ്ങളിൽ സന്ദർശകർക്ക് കായലിന്റെ വശ്യസൗന്ദര്യം ആവാഹിക്കാൻ കഴിയുന്ന തരത്തിലാണ് വാക്ക് വേയുടെ നിർമ്മാണം. കായലിനഭിമുഖമായി ചാരുബഞ്ചുകളും കളിസ്ഥലവുമുണ്ട്.
കായലിനരികിൽ കൈവരികളില്ലാത്തതിനാൽ കുട്ടികൾ ഓടിക്കളിക്കുമ്പോൾ അപകടങ്ങൾക്കിടയാക്കും. തീരമിടിയാതിരിക്കാൻ ബീച്ചിന്റെ കൽക്കെട്ടിനോട് ചേർന്ന് കൂറ്റൻ പാറക്കല്ലുകളാണ് നിരത്തിയിട്ടിരിക്കുന്നത്. കായലിലേക്ക് ആരെങ്കിലും കാൽ വഴുതിയാൽ ചെന്ന് പതിക്കുക വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കരിങ്കല്ലുകളിലായിരിക്കും.
തുക അനുവദിച്ചിട്ടും കൈവരിയില്ല
ബീച്ച് നവീകരണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ 2017 -'18 വർഷത്തെ പദ്ധതിയിൽ കൈവരി ഉൾപ്പെടുത്തിയിരുന്നതാണ്. ഇതിനായി 14 ലക്ഷം രൂപയുടെ പദ്ധതിക്ക് ഡി.പി.സി അംഗീകാരവും ലഭിച്ചു. നഗരസഭ എൻജിനിയറിംഗ് വിഭാഗം ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുകയാണിത്. പിന്നീട് കണെക്കെടുത്തപ്പോൾ കൂടുതൽ തുകയാകുമെന്നായി. അധികമായി വേണ്ടി വരുന്ന തുകയും പദ്ധതി തുകയിൽ ഉൾപ്പെടുത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കി കൈവരികൾ സ്ഥാപിക്കാനായിരുന്നു അന്ന് പദ്ധതിയിട്ടത്. കെ.ടി.ഡി.സി റസ്റ്റോറന്റ് മുതൽ ബീച്ചിന്റെ തെക്കേ അറ്റംവരെ സ്റ്റീൽ കൈവരികളാണ് ഉദ്ദേശിച്ചിരുന്നത്.