പാല: 'ഇല്ല ഇല്ല മരിക്കുന്നില്ല, മാണിസാർ മരിക്കുന്നില്ല..."
ഉള്ളുപൊള്ളുന്ന വേദനയിലും മുഷ്ടി ചുരുട്ടി ഉറക്കെ മുദ്രാവാക്യം വിളിച്ച് പാലായുടെ പ്രിയ പുത്രന് പ്രവർത്തകർ അന്ത്യാഞ്ജലിയേകി. തിങ്ങി നിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി ഇന്നലെ വൈകിട്ട് 6.45ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിലെ 1025-ാം നമ്പർ കല്ലറയിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കെ.എം.മാണിയെ സംസ്കരിച്ചു.
കെ.എം.മാണിയെന്ന രാഷ്ട്രീയ ഭീഷ്മാചാര്യൻ ഇനി ജനമനസുകളിൽ ജ്വലിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പതിനായിരങ്ങളാണ് അദ്ദേഹത്തെ ഒരുനോക്കു കാണാനെത്തിയത്.
തിരുനക്കര മൈതാനത്തും പാർട്ടി ഓഫീസിലും പൊതു ദർശനത്തിന് ശേഷം ഇന്നലെ പുലർച്ചെ 3.05ന് പാലായിലേക്ക് തിരിച്ച വിലാപ യാത്ര കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയപ്പോഴേയ്ക്കും 7.10 ആയി. മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ളാമറ്റം, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളിൽ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ ആ സമയത്തും കാത്ത് നിന്നിരുന്നത്. വീട്ടിലേക്ക് മൃതദേഹം എത്തിക്കുമ്പോഴേയ്ക്കും വീടും പരിസരവും ജനസാഗരമായിരുന്നു. രാവിലെ മുതൽ പാലായിലേയ്ക്കുള്ള ജനപ്രവാഹം സംസ്കാര സമയം വരെ തുടർന്നു. പൊലീസ് സംവിധാനത്തിന് പോലും ആളുകളെ നിയന്ത്രിക്കാൻ കഴിയാത്തത്ര തിരക്ക്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതായതോടെ ഉച്ചയ്ക്ക് 12.15ഓടെ വീടിന്റെ പ്രധാന ഗേറ്റ് പൂട്ടി. പിന്നീട് ഒരു ഗേറ്റ്‌വഴി മാത്രമാണ് ആളുകളെ കടത്തിയത്. ഉച്ചയ്ക്ക് 1.45ന് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. രണ്ടിന് പാല അതിരൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ തുടങ്ങി. 3.10ന് കെ.എം.മാണിയെ അന്ത്യയാത്രയ്ക്കായി വീട്ടിൽ നിന്ന് ഇറക്കി. പാലാ നഗരത്തിന്റെ ഹൃദയത്തിലൂടെ ഒഴുകി നീങ്ങിയ നഗരി കാണിക്കൽ ചടങ്ങിൽ ജനക്കൂട്ടം വിങ്ങിവിതുമ്പി. കൊട്ടാരമറ്റം റോഡിൽ നിന്ന് ഗവ..ആശുപത്രി ജംഗ്ഷൻ, കുരിശുപള്ളി, സ്റ്റേഡിയം, റിവർവ്യൂ റോഡ് വഴി കത്തീഡ്രലിലേയ്ക്കുള്ള അന്ത്യയാത്രയിൽ ആയിരങ്ങൾ അനുഗമിച്ചു. വഴിയോരങ്ങളിൽ ആയിരങ്ങൾ തിങ്ങിനിറഞ്ഞ് പ്രിയനേതാവിന് വിടചൊല്ലുമ്പോൾ കടകളടച്ച് വ്യാപാരികളും ആദരവേകി.
ആറ് കിലോമീറ്റർ ദൂരത്തുള്ള പള്ളിയിലെത്താൻ ഒന്നര മണിക്കൂറോളമെടുത്തു. അപ്പോഴേയ്ക്കും പള്ളിയും പരിസരവും ജനനിബിഡമായി. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, തിരുവനന്തപുരം രൂപതാ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കോട്ടയം ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഭാര്യ കുട്ടിയമ്മ വിറയ്ക്കുന്ന ചുണ്ടുകളാൽ പ്രിയതമന് അന്തിമചുംബനമേകുമ്പോൾ കണ്ണ് നിറഞ്ഞു തുളുമ്പി. കുടുംബാഗങ്ങളും വിതുമ്പി. ഒടുവിൽ കല്ലറയിലേയ്ക്ക് ഇറക്കി വയ്ക്കുമ്പോൾ പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം മുഴക്കി പ്രിയ നേതാവിനെ യാത്രയാക്കി..