ഈരാറ്റുപേട്ട: എൻ.ഡി.എ ഭരണത്തിൽ ജനങ്ങൾ ജാതീയമായി വേർതിരിഞ്ഞുവെന്ന് മന്ത്രി ജി.സുധാകരൻ. ഇന്ത്യൻ ഭരണഘടനയ്ക്ക് വിലയില്ലാതായി. ബി.ജെ.പി ദേശീയ പ്രസിഡന്റ് സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്നു. വളർന്നു വരുന്ന എഴുത്തുകാരെയും പ്രതിഭകളെയും കൊന്നൊടുക്കുന്നു. ഈരാറ്റുപേട്ടയിൽ എൽ.ഡി.എഫ് പത്തനംതിട്ട മണ്ഡലം സ്ഥാനാർത്ഥി വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയ്ക്കും കോൺഗ്രസിനും അധികാരദുർമോഹമാണ്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് സ്വന്തം അധികാരം ഉറപ്പിക്കുന്നതിനാണെന്നും എൻ. ഡി.എ ഭരണത്തിൽ അന്തസും അഭിമാനവും പോയി ഇന്ത്യ വർഗീയ രാജ്യമായി മാറിയെന്നും മന്ത്രി പറഞ്ഞു. ഇ.കെ. മുജീബ് അദ്ധ്യക്ഷത വഹിച്ചു.
ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി അംഗം സജ്ജാദ് റബ്ബാനി, എൽ.ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമാ മോഹൻ, കുര്യാക്കോസ് ജോസഫ്, എം.ജി ശേഖരൻ, കെ.എം ബഷീർ, എം എച്ച് ഷനീർ, റഫീഖ് പട്ടരു പറമ്പിൽ, അഡ്വ.മോഹൻ തോമസ്, ജോഷി താന്നിക്കൽ എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ചേന്നാട് കവലയിൽ നിന്ന് നൂറ് കണക്കിന് എൽ.ഡി.എഫ് പ്രവർത്തകർ അണിനിരന്ന റാലിയും നടന്നു. കെ. എം മാണിക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പൊതുസമ്മേളനം ആരംഭിച്ചത്.