വൈക്കം : നഗരസഭാ ബീച്ചിലെത്തുന്ന സന്ദർശകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.വി.വി.സത്യൻ നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. അവധിക്കാലമായതോടെ വൈകുന്നേരങ്ങളിൽ ബീച്ചിലെത്തുന്ന സന്ദർശകരുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. അതിൽ ഏറെയും കുട്ടികളാണ്. ബീച്ച് മൈതാനത്തെ കായലുമായി അതിരിടുന്ന വാക്ക് വേ യ്ക്ക് കൈവരികളില്ലാത്തത് അപകട സാദ്ധ്യത സൃഷ്ടിക്കുന്നതായി കേരളകൗമുദി ഇന്നലെ വാർത്ത കൊടുത്തിരുന്നു. ഈ വാർത്ത ചൂണ്ടിക്കാട്ടിയാണ് വി.വി.സത്യൻ വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 340 മീറ്റർ നീളമുണ്ട് കായലോരത്ത് നിർമ്മിച്ചിട്ടുള്ള വാക്ക് വേയ്ക്ക്. ഇവിടെ കൈവരിയില്ലാത്തതിനാൽ കുട്ടികൾ ഓടിക്കളിക്കുമ്പോൾ കായലിൽ വീഴാനുള്ള സാദ്ധ്യത ഏറെയാണ്. ബീച്ച് നവീകരണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ 2017-18 വർഷത്തെ പദ്ധതിയിൽ കൈവരി ഉൾപ്പെടുത്തിയിരുന്നു. 14 ലക്ഷം രൂപയുടെ പദ്ധതിക്ക് ഡി പി സി അംഗീകാരവും ലഭിച്ചിരുന്നു. എന്നാൽ നഗരസഭ എൻജിനീയറിംഗ് വിഭാഗം രണ്ടാമത് എസ്റ്റിമേറ്റെടുത്തപ്പോൾ ഈ തുക പോരെന്ന് കണ്ടെത്തി. തുടർന്ന് തുക വർദ്ധിപ്പിക്കുന്നതിനും ടെണ്ടർ നടത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. പദ്ധതി ആവിഷ്കരിച്ച് മൂന്നാമത്തെ സാമ്പത്തിക വർഷമായിട്ടും നടപ്പാക്കാൻ കഴിയാത്തത് നഗരസഭ ഭരണ നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് വി.വി.സത്യൻ കൗൺസിലിൽ ആരോപിച്ചു.
നഗരസഭയുടെ പൊതുമരാമത്ത് വിഭാഗം നിർജ്ജീവമാണ്. പദ്ധതി നടത്തിപ്പുകൾക്ക് കരാർ നൽകിയാൽ തന്നെ കരാറുകാരെ കൊണ്ട് പണി നടത്തിക്കാൻ നഗരസഭ അധികൃതർക്ക് കഴിയുന്നില്ല. ഇത് പൊതുജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനെയും നഗരവികസനത്തെ ആകെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം. നഗരസഭയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകാത്ത കരാറുകാരെ ഒഴിവാക്കി അവരെ കരിമ്പട്ടികയിൽ പെടുത്തണം വി.വി.സത്യൻ.