thod

ഏറ്റുമാനൂർ : പാലാ ഏറ്റുമാനൂർ റോഡിലെ മംഗലകലുങ്ക് ജംഗ്ഷന് സമീപത്തുള്ള തോട്ടിൽ മാലിന്യം തള്ളുന്നത് നിത്യ സംഭവമായിട്ടും നടപടിയെടുക്കാതെ അധികൃതർ. സമീപത്തുള്ള മാലിന്യങ്ങൾ തള്ളുന്നതിനുള്ള കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. കൂടാതെ ടോയ്‌ലറ്റ് മാലിന്യങ്ങളും രാത്രി കാലങ്ങളിൽ ടാങ്കർ ലോറികളിൽ കൊണ്ട് വന്ന് പമ്പ് ചെയ്യുന്നതും പതിവാണെന്നാണ് സമീപവാസികൾ പറയുന്നു. റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ തോട്ടിൽ മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നതിനാൽ ഇവ അഴുകി രൂക്ഷ ഗന്ധവും വമിക്കുന്നുണ്ട്. ഇതു മൂലം മൂക്കുപൊത്താതെ ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും യാത്ര ചെയ്യാൻ സാധിക്കില്ല. ഇതിനു സമീപമായി ഒരു ബസ് കാത്തിരിപ്പു കേന്ദ്രവുമുണ്ട്. ഇവിടെയെത്തുന്നവരും തോട്ടിൽ നിന്നും വമിക്കുന്ന രൂക്ഷഗന്ധം മൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.

കടുത്ത വേനലിൽ നീരോഴുക്ക് നിലച്ചതോടെ കെട്ടിക്കിടക്കുന്ന ടോയ്‌ലറ്റ് മാലിന്യം ഉൾപ്പെടെയുള്ളവ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. മാലിന്യ പ്രശ്‌നം ഇത്ര കണ്ട് രൂക്ഷമായിട്ടും നഗരസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ബ്ലീച്ചീങ്ങ് പൗഡർ വിതറുന്നതല്ലാതെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.