കുറുപ്പന്തറ : ഏറ്റുമാനൂർ - കുറുപ്പന്തറ റോഡിൽ അപകടകരമായ വളവുകളിലും റോഡുകളിലും സുരക്ഷാക്രമീകരണങ്ങൾ എർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കോതനെല്ലൂരിന് സമീപമുള്ള വളവിൽ അപകടം നിത്യ സംഭവമാണ്.
റോഡിന് വീതിയില്ലാത്തതാണ് അപകടം ഉണ്ടാവുന്നതിന്റെ പ്രധാന കാരണം. ഈ ഭാഗത്ത് റോഡ് നവവീകരണത്തോടൊപ്പം ഓടയുടെ നിർമ്മാണവും ആരംഭിച്ചിരുന്നെങ്കിലും നിർമ്മാണം പാതിവഴിയിലായി. മൂടിയില്ലാത്ത ഓടകളാണ് ഭൂരിഭാഗവും. റോഡ് നന്നാക്കിയതിനാൽ കടന്നുപോകുന്ന വാഹനങ്ങൾ അമിത വേഗത്തിലെത്തുകയും നിയന്ത്രണംവിട്ട് ഓടയിലേക്കു വീഴുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നത് പതിവാണെന്നു പ്രദേശവാസികൾ പറയുന്നു.
ആഴ്ച്ചയിൽ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. ഇതിൽ കൂടുതലും ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങളുടെ പ്രധാന കാരണം. വളവിൽ തെറ്റായ ദിശയിൽ വാഹനങ്ങൾ മറികടന്നെത്തുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്.
പാതയോരങ്ങളിൽ വഴിലൈറ്റുകൾ ഇല്ലാത്തതിനാൽ സന്ധ്യമയങ്ങിയാൽ ഈ പ്രദേശം ഇരുട്ടിലാകുന്നു. ഇതും അപകടത്തിന് ഇടയാക്കുന്നുന്നുണ്ട്. കാൽനടയാത്രക്കാർക്കു സുരക്ഷിതമായി നടന്നുപോകാനുള്ള നടപ്പാത ഇവിടെയില്ല. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളിലെ വെളിച്ചമാണ് ഏക ആശ്രയം. ഈ മേഖലയിൽ ഹബുകൾ സ്ഥാപിച്ചാൽ ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ഇതോടൊപ്പം തന്നെ റോഡിന്റെ വശങ്ങളിൽ അപകട സാദ്ധ്യതാ സൂചനാ ബോർഡുകളും റോഡിൽ മതിയായ റിഫ്ളക്ടറുകൾ ഇല്ലാത്തതും അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇവ സ്ഥാപിച്ചാൽ തന്നെ ഈ ഭാഗത്തെ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. അപകടം നിറഞ്ഞ വളവിലും റോഡിലും സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുന്നു.