പാലാ: പാലായുടെ ഗജോത്തമൻ പല്ലാട്ട് ബ്രഹ്മദത്തൻ എന്ന കൊമ്പനെ ഇന്ന് കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രസന്നിധിയിൽ വച്ച് 'ഗജരാജശൃംഗൻ ' പട്ടം നൽകി കടപ്പാട്ടൂർ ദേവസ്വം ആദരിക്കും. കഴിഞ്ഞ വർഷം തൃശൂർപൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പ് എടുക്കാൻ ഭാഗ്യം സിദ്ധിച്ച ഈ ഗജകേസരി ആനലോകത്തെ സൗമ്യ തിലകമാണ്. കേരളത്തിലെ എണ്ണം പറഞ്ഞ എഴുന്നള്ളത്തുകളിലും നിറസാന്നിദ്ധ്യമാണ് ഈ ഗജസുന്ദരൻ.
ശക്തിക്കുളങ്ങര ആറാട്ട്, തിരുവാർപ്പ് ആനയോട്ടം, തൊടുപുഴ ആറാട്ട്, പള്ളാത്താംക്കുളങ്ങര താലപ്പൊലി, ചേർപ്പ് വേല,ഇരിങ്ങാലക്കുട വലിയവിളക്ക്,വയലാംക്കുന്ന് പൂരം...ഇങ്ങനെ ഒട്ടേറെ ഉത്സവങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഗജസാന്നിദ്ധ്യമാണ് ബ്രഹ്മദത്തൻ.
സൗമ്യനും ശാന്തശീലനുമായ ബ്രഹ്മദത്തൻ ആനപ്രേമികളുടെ അഭിമാനമാണ്. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനും ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് പ്രസിഡന്റുമായ അഡ്വ. രാജേഷ് പല്ലാട്ടാണ് ഈ ഗജകേസരിയുടെ ഉടമ.
കടപ്പാട്ടൂർ ക്ഷേത്രത്തിൽ ആദ്യമായി എത്തുന്ന ബ്രഹ്മദത്തന് ആവേശകരമായ സ്വീകരണം നൽകാനാണ് കടപ്പാട്ടൂർ ദേവസ്വം തീരുമാനിച്ചിട്ടുള്ളത്. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ മാലയണിയിച്ച് ബ്രഹ്മദത്തനെ സ്വീകരിക്കും. തുടർന്ന് ഗജരാജശൃംഗൻ പട്ടം കടപ്പാട്ടൂർ ദേവസ്വം പ്രസിഡന്റും എൻ.എസ്. എസ്. ഡയറക്ടർ ബോർഡംഗവുമായ സി.പി.ചന്ദ്രൻ നായർ അണിയിക്കും.