കുറവിലങ്ങാട് : എം.സി. റോഡിൽ പ്രധാനയിടങ്ങളിൽ എല്ലാം ബസ് സ്റ്റോപ്പുകളുണ്ടെങ്കിലും ഭൂരിഭാഗം മേഖലകളിലും കാത്തിരുപ്പ് കേന്ദ്രങ്ങളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കെ.എസ്.ടി.പി യുടെ നേതൃത്വത്തിൽ എം.സി റോഡ് നവീകരണത്തിന് ശേഷം ചിലയിടങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും സ്റ്റോപ്പുകൾ പുനർനിർണയിക്കാത്തതു മൂലം അവയിൽ ചിലത് യാത്രക്കാർക്ക് പ്രയോജനപ്പെടുന്നുമില്ല.
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലും പള്ളിക്കവലയിലും മാത്രമാണ് നിലവിൽ ബസ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. എന്നാൽ പഞ്ചായത്ത് ബസ് സ്റ്റാഡിന് സമീപം കോട്ടയം ഭാഗത്തേക്കും തൃശ്ശൂർ ഭാഗത്തേക്കും ഉള്ള ദീർഘ ദൂര കെ. എസ് . ആർ. ടി. സി ബസുകൾ നിറുത്തുന്നിടത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. അതുപോലെ തന്നെ വൈക്കം കവലയിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒന്നും തന്നെയില്ല.
കോഴാ ബ്ലോക്ക് ജംഗ്ഷൻ ഭാഗത്തെയും സിഗ്നലിന് സമീപത്തെയും സ്ഥിതി ഇതു തന്നെയാണ്. ഇവിടെ കോട്ടയം ഭാഗത്തേക്ക് പോകുന്നവർക്കായി കോഴാ സിഗ്നലിന് സമീപം ബസ് കാത്തിരിപ്പു കേന്ദ്രമുണ്ട്. എന്നാൽ ഇത് ബസ് സ്റ്റോപ്പിൽ നിന്ന് അകലെയായതിനാൽ യാത്രക്കാർക്ക് പൊള്ളുന്ന വെയിലത്ത് തന്നെ നിൽക്കേണ്ടിയും വരും. ഇവിടെ നിന്നും പാലാ ഭാഗത്തേക്ക് പോകുന്നവർക്കായി കാത്തുനിൽക്കുന്നതിനുള്ള കേന്ദ്രങ്ങളില്ല. ഒരു തണൽ പോലും ഇല്ലാത്ത ഈ പ്രദേശത്ത് പൊരിവെയിലത്ത് നിൽക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാർ പറയുന്നു.
ഈ അവസ്ഥ തന്നെയാണ് കോഴാ ബ്ലോക്ക് ജംഗ്ഷനു സമീപവും. ഇവിടെ കൂത്താട്ടുകുളം ഭാഗത്തേക്ക് ഉള്ള യാത്രക്കാർക്കായി കാത്തിരിപ്പു കേന്ദ്രമുണ്ട്. എന്നാൽ കോട്ടയം ഭാഗത്തേക്ക് പോകുന്നവർ പെരുവഴിയിൽ തന്നെ നിൽക്കണം.