കോട്ടയം : കോട്ടയത്തെ എന്റെ സഹോദരി സഹോദരന്മാരെ... കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മലയാളത്തിൽ ഇത്രയും പറയുമ്പോഴേയ്ക്കും തിങ്ങിനിറഞ്ഞ വേദിയിൽ നിന്ന് ആരവമുയർന്നു. കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയത്തെത്തിയ രാജ്നാഥ് സിംഗിനെ കാണാൻ പൊരിവെയിലിനെയും അവഗണിച്ച് നൂറുകണക്കിന് പേരാണ് നാഗമ്പടം നഗരസഭാ മൈതാനത്ത് എത്തിയത്.
കേന്ദ്രസർക്കാരിന്റെ വികസന നയങ്ങൾ എണ്ണിപ്പറഞ്ഞ രാജ്നാഥ് സിംഗ് ജയിച്ചാൽ പി.സി.തോമസ് കേന്ദ്രമന്ത്രിയാകുമെന്ന സൂചനയും നൽകി. വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തിയാൽ കൊച്ചി മെട്രോ കോട്ടയം വരെ നീട്ടുമെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും, കൊല്ലം-തേനി ദേശീയപാത നിർമാണം, ടൂറിസം വികസനം അടക്കം ജില്ലയിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എത്തിയപ്പോൾ നാലായി. വിശാലമായ പന്തലിന് പുറത്തും ആളുകൾ തിങ്ങി നിറഞ്ഞു. മലയാളത്തിൽ പ്രസംഗം തുടങ്ങിയ രാജ്നാഥ് സിംഗ് പ്രളയം മുതൽ വികസനം വരെയുള്ള മുഴുവൻ കാര്യങ്ങളും പ്രതിപാദിച്ചു.
കേരളത്തിലുണ്ടായ പ്രളയത്തിൽ കേന്ദ്രസർക്കാർ അകമഴിഞ്ഞ് സഹായിച്ചു. ഹൈക്കോടതി നിർദ്ദേശിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പ്രളയം മനുഷ്യനിർമിതമാണെന്നാണ്. കേരളത്തെ പ്രളയത്തിൽ മുക്കിയത് ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. ഇന്ത്യയെ ശക്തമായ രാജ്യമാക്കിയാണ് എൻ.ഡി.എ മുന്നോട്ട് പോകുന്നത്. ന്യൂനപക്ഷങ്ങളുടെ മനസിൽ വെറുപ്പിന്റെ വിത്ത് പാകുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. നമുക്ക് വേണ്ടത് ഭീതിയുടെ രാഷ്ട്രീയമല്ല, ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയമാണ്. കോൺഗ്രസ് അഴിമതി ചർച്ചയാക്കാമെന്ന് പറയുമ്പോൾ ഈ രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി കാട്ടിയത് കോൺഗ്രസാണെന്ന് ഓർക്കണം. പാർലമെന്റിൽ അഴിതി ചർച്ച ചെയ്യുമ്പോൾ രാഹുൽഗാന്ധി കണ്ണിറുക്കുകയാണ്. ആദ്യമായി മുന്നാക്കക്കാർക്കും സംവരണം അനുവദിച്ചുകൊണ്ട് ചരിത്ര തീരുമാനമെടുത്തത് മോദി സർക്കാരാണ്. വളർച്ചയിൽ ഒമ്പതാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തെത്തിയ ഇന്ത്യ വൈകാതെ അഞ്ചിലേയ്ക്ക് കുതിക്കും. 55 വർഷം കൊണ്ട് കോൺഗ്രസ് 12 കോടി ആളുകൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ കൊടുത്തപ്പോൾ കഴിഞ്ഞ നാലര വർഷം കൊണ്ട് കേന്ദ്രസർക്കാർ 13 കോടി ആളുകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പി.സി.തോമസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി, പി.സി ജോർജ് എം.എൽ.എ, എ.ജി. തങ്കപ്പൻ, നീലകണ്ഠൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.