ഏറ്റുമാനൂർ : അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിലെ ആനമല മുതൽ വേദഗിരി വരെയുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. ടാറിംഗ് പൂർണമായി പൊട്ടിപൊളിഞ്ഞിളകിയ റോഡിൽ കാൽനടയാത്രപോലും ദുഷ്‌കരമാണ്. കാലപ്പഴക്കത്താൽ തകർന്ന ഇരുറോഡുകളും പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി നൽകിയിട്ടും നടപടികളൊന്നുമുണ്ടായില്ല.
കാണക്കാരി പഞ്ചായത്തിനെയും അതിരമ്പുഴ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡുകളിലൊന്നാണ് ഈ റോഡ്. ഇതുപൂർണമായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്തിനാൽ കാലപ്പഴക്കത്താൽ ടാറിംഗ് തകർന്ന് മിക്കയിടത്തും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചിലഭാഗങ്ങളിൽ ടാർ ഇളകി മണ്ണും മെറ്റിലും നിരന്ന നിലയിലാണ്.
റോഡ് തകർന്ന് വർഷങ്ങൾ പിന്നിട്ടിട്ടും പുനർനിർമാണം നടത്തുവനോ, അറ്റകുറ്റപ്പണി നടത്തുവനോ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. പ്രളയകാലത്ത് റോഡിലെ തകർന്ന ഭാഗത്തെ മെറ്റിലും മണ്ണും മിക്കയിടങ്ങളിലും ഒലിച്ചുപോയി. ഏറ്റുമാനൂർ, കുറുപ്പന്തറ, അതിരമ്പുഴ എന്നിവിടങ്ങളിലേക്കകുള്ള സ്വകാര്യ ബസുകൾളുപ്പെടെയുള്ള സ്‌കൂൾ ബസുകളും വാനുകളും പതിവായി കടന്നു പോകുന്ന റോഡുകളാണിവ. വലിയ വാഹനങ്ങൾ കയറിയിറങ്ങുന്നതോടെ ടാറിങ് പൂർണമായി തകർന്ന് കാൽനടപോലും അസാധ്യമാണ്. ഈ റോഡിന് വീതിയും താരതമ്യേനെ കുറവാണ്. ഇരുചക്രവാഹനങ്ങൾ റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴികളിൽ ചാടി അപകടത്തിൽപ്പെടുന്നതും പതിവാണ്.
ഒട്ടോറിക്ഷാകളുടെയും മറ്റ് വാഹനങ്ങളുടെയും നടുവൊടിയുന്ന തരത്തിലാണ് റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ട് തന്നെ ഇവിടേക്ക് ഓട്ടം വിളിച്ചാൽ പോകുന്നതിന് ഡ്രൈവർന്മാർ വിമുഖതയും കാണിക്കുന്നുണ്ട്. തകർന്നറോഡ് പുനർനിർമിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.