കോട്ടയം : ഉദയനാപുരം ശ്രീ സുബ്രമണ്യക്ഷേത്രത്തിൽ മൂന്നുരു വലംവച്ച് തൊഴുത് ,പേരും നാളും പറഞ്ഞർച്ചനയും കഴിച്ച് പ്രസാദം വാങ്ങി തിരുനടയിൽ ഓലൻ വഴിപാടും കഴിച്ചായിരുന്നു പി.സി യുടെ വൈക്കത്തെ രണ്ടാംഘട്ട പര്യടനത്തിന് തുടക്കമായത്. വൈക്കം മുനിസിപ്പാലിറ്റിയുടെ ശേഷിച്ച ഭാഗങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർത്ഥിക്ക് വൻ വരവേല്പാണ് ലഭിച്ചത്. മണ്ഡലത്തിലെ പടിഞ്ഞാറൻ മേഖലയിലും , വെച്ചൂർ ,കല്ലറ പഞ്ചായത്തുകളിലും പര്യടനം നടത്തിയ സ്ഥാനാർത്ഥി നേരിട്ട് ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുകയും ,പ്രധാനപ്പെട്ട വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും പറഞ്ഞു. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള മണ്ഡലത്തിൽ അതിനു വേണ്ട പദ്ധതികൾ നടപ്പിലാക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കോട്ടയത്ത് നടക്കുന്ന രാജ്നാഥ് സിംഗിന്റെ സമ്മേളനവേദിയിലേക്ക്. അവിടെയും താരം പി.സി ആയിരുന്നു. കോട്ടയത്തിന്റെ വികസന രാഷ്ട്രീയത്തിൽ പി.സി തോമസിന് വളരെയധികം സംഭാവനകൾ നല്കാൻ സാധിക്കുമെന്നും , എം.പിയായാൽ ഒരു വെറും എം.പി മാത്രമായിരിക്കില്ല പി.സിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വൈക്കത്തെ പര്യടനം ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യാത്രയ്ക്ക് പി.ജി ബിജുകുമാർ, അഹമ്മദ് തോട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.