തലയോലപ്പറമ്പ് : കാണുന്നതിനിടെ ടി.വി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപടർന്നത് പരിഭ്രാന്തി പരത്തി. വൈക്കപ്രയാർ അമ്പലത്തറയിൽ രത്‌നമ്മയുടെ വീട്ടിലെ ടി.വിയാണ് ഇന്നലെ വൈകിട്ട് 5 ഓടെ പൊട്ടിത്തെറിച്ചത്. സംഭവസമയത്ത് രത്‌നമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രത്‌നമ്മ ഉടൻ പുറത്തേക്ക് ഓടിമാറി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈക്കത്തു നിന്നും അസിസ്റ്റന്റ് ഫയര്‍‌സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാർ, ലീഡിംഗ് ഫയർമാൻ സി.ആർ ജയകുമാർ, എസ്.രഞ്ജിത്ത്, റാംജി, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ അഗ്‌നിശമനസേനയുടെ യൂണിറ്റെത്തിയാണ് രക്ഷാപ്രവർത്തനംനടത്തിയത്. ടി.വിയോട് ചേർന്നിരുന്ന വീട്ടുപകരണങ്ങൾ , ഫർണിച്ചർ, പേപ്പറുകൾ, മേൽക്കൂരയിലെ ഷീറ്റ് എന്നിവ ഭാഗികമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായതെന്ന് ഫയർഫോഴ്‌സ് പറഞ്ഞു.