വൈക്കം: പ്രതിവർഷം രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ, ഓരോ വ്യക്തികളുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപയുടെ നിക്ഷേപം തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചവർക്ക് ഈ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകണമെന്ന് ഐ. എൻ. ടി. യു. സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
കോട്ടയം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ ഐ. എൻ. ടി. യു. സി. യുടെ നീർപ്പാറ യൂണിറ്റ് വാർഷികവും ഐഡന്റിറ്റി കാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ ഒരു കക്ഷിക്കും തകർക്കാനാവില്ല. പൂർവ്വാധികം ശക്തിയോടെ കോൺഗ്രസ് തിരിച്ചു വരുന്ന സാഹചര്യമാണ് രാജ്യമെങ്ങും പ്രകടമായിരിക്കുന്നതെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ കൂട്ടായ്മയ്ക്കും സമ്മതിദാന അവകാശം നിർവഹിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡന്റ് എ. എം. സോമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. വി. മണിക്കുട്ടൻ, അഡ്വ. പി. പി. സിബിച്ചൻ, പി. കെ. ദിനേശൻ, പി. വി. പ്രസാദ്, അഡ്വ. പി. വി. സുരേന്ദ്രൻ, വി. ടി. ജെയിംസ്, കെ. വി. മനോഹരൻ, ടി. കെ. കുര്യാക്കോസ്, എസ്. ജയപ്രകാശ്, ലൂക്ക് മാത്യു, ഷാജി പുഴവേലിൽ, ഓമന പാലക്കുളം, രാഗിണി ഗോപി, സി. കെ. ചാക്കോ എന്നിവർ പ്രസംഗിച്ചു.