പാലാ: ''അച്ചായൻ എങ്ങും പോയിട്ടില്ല. ദൂരെ എവിടെയോ ഏതോ മീറ്റിംഗിൽ പങ്കെടുക്കാൻ പോയതാണ്. അദ്ദേഹം തിരിച്ച് വരും. അങ്ങിനെ കരുതാനാണ് എനിക്കിഷ്ടം'. ലക്ഷക്കണക്കിനാളുകളുടെ മാണിസാർ യാത്രയായി എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ വിതുമ്പലോടെ കാൽപ്പനിക ലോകത്ത് സഞ്ചരിക്കുകയാണ് മരുമകൾ നിഷ ജോസ്.കെ.മാണി. ഇതു സംബന്ധിച്ചുള്ള നിഷയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. കെ.എം. മാണി വിട പറഞ്ഞതിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ച വൈകാരികമായ പോസ്റ്റിൽ മാണിയെപ്പറ്റിയുള്ള ആദ്യ ഓർമ്മകളും നിഷ പങ്കുവയ്ക്കുന്നു.
പോസ്റ്റിലെ പ്രസക്തഭാഗങ്ങളിലേയ്ക്ക്;
1993 ഒക്ടോബർ 9 ന് തന്റെ പെണ്ണുകാണലിനാണ് 'അച്ചാച്ചനെ ' ആദ്യമായി കണ്ടതെന്ന് നിഷ പറയുന്നു. മുറിയിലേക്ക് നടന്നുവന്ന എന്നോട് 'ഇവിടെ ഇരിക്കൂ മോളെ' എന്ന് അച്ചാച്ചൻ പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നിശ്ചയിച്ചു ഞാൻ എത്തിച്ചേരേണ്ട കുടുംബം ഇതാണെന്ന് നിഷ പോസ്റ്റിൽ വ്യക്തമാക്കുന്നു. 'ആ വാക്കുകൾ എനിക്ക് ആശ്വാസമായിരുന്നു. പെണ്ണുകാണലിന് മാത്രമല്ല, കരിങ്ങോഴയ്ക്കൽ വീട്ടിലെ പിന്നെ അങ്ങോട്ടുള്ള ജീവിതത്തിലും 'നിഷ പറയുന്നു. തനിക്ക് എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്താണ് അച്ചാച്ചൻ എന്നാണ് നിഷ പറയുന്നത്. താൻ എന്ത് ചെയ്യാൻ ആഗ്രഹിച്ചാലും അതിനോട് ഒരിക്കലും അദ്ദേഹം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും നിഷ വ്യക്തമാക്കുന്നു.
ഓരോ നിമിഷവും അച്ചാച്ചൻ തന്നെ പറക്കാൻ അനുവദിച്ചുവെന്നും താൻ ഉയരങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും നിഷ ചൂണ്ടിക്കാട്ടുന്നു.; അതാണ് അച്ചാച്ചന് തന്നിലുള്ള ആത്മവിശ്വാസമെന്നും നിഷ കുറിക്കുന്നു.
ശരിക്കും അദ്ദേഹം പോയോ.....? ഇല്ല എന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സ്‌നേഹത്തിലും അനുകമ്പയിലും ധൈര്യത്തിലും അച്ചാച്ചൻ ഇന്നും ജീവിക്കുന്നുണ്ട്. അദ്ദേഹം ചില മീറ്റിംഗിനായി പോയിരിക്കുകയാണെന്നും ഉടൻ തിരിച്ചു വരുമെന്നുമാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും നിഷ വ്യക്തമാക്കുന്നു. എല്ലാ കാരുണ്യ പ്രവൃത്തിയിലൂടെയും അച്ചാച്ചൻ ജീവിക്കുമെന്നും എല്ലാവരെയും പോലെ കെഎം മാണി മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും കുറിച്ച നിഷ തന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ ഒപ്പം നിന്ന എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ടാണ് ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.