soman

തലയോലപ്പറമ്പ് : വെള്ളപ്പൊക്ക കെടുതിയിൽപെട്ട് ജീവിതം വഴിമുട്ടി ഒരു ഗൃഹനാഥൻ. വൈക്കപ്രയാർ കാരിക്കാപ്പടി സോമൻ (68) ആണ് ആകെയുണ്ടായിരുന്ന വരുമാനമാർഗമായ കട നശിച്ചതിനാൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാതെ ബുദ്ധിമുട്ടുന്നത്. തടിമിൽ തൊഴിലാളിയായിരുന്ന സോമന്റെ ഇടതുകൈ 2006ൽ തോളിന് താഴെവച്ച് മുറിച്ച് നീക്കേണ്ടിവന്നു. കൈനഷ്ടപ്പെട്ടതോടെ വീടിനുസമീപത്ത് ചെറിയൊരു പലചരക്ക് കട തുടങ്ങി. മൂവാ​റ്റുപുഴയാറിന്റെ തീരത്തായിരുന്നു കട. നിനച്ചിരിക്കാതെയെത്തിയ പ്രളയത്തിൽ സാധനങ്ങൾ മുഴുവൻ വെള്ളം കയറി നശിച്ചെന്നു മാത്രമല്ല, തറ ഇളകി കട ഒരു വശത്തേക്ക് ചരിഞ്ഞ് അപകട ഭീഷണിയിലുമായി. സർക്കാർ സഹായത്തിനായി സോമൻ ഒാഫീസുകൾ കയറിയിറങ്ങിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. കടയിൽ വെള്ളം കയറിയാൽ നഷ്ടപരിഹാരത്തിന് വകുപ്പില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തെ പോ​റ്റാൻ എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇദ്ദേഹം. വികലാംഗനെന്ന പരിഗണനയിലെങ്കിലും സർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണ് സോമൻ.