rahul-gandhi

കോട്ടയം: കനത്ത സുരക്ഷയിൽ കരിങ്ങോഴയ്ക്കൽ വീടിന്റെ പൂമുഖവാതിൽ കടന്ന് കെ.എം. മാണിയുടെ ഓഫീസ് മുറിയിലെത്തിയ രാഹുൽഗാന്ധിയെ വരവേറ്റത് മെഴുകുതിരി ജ്വാലയ്ക്ക് മുന്നിൽ മുല്ലപ്പൂമാല ചാർത്തിയ മാണിയുടെ നിറചിരിയുള്ള ഛായാചിത്രം. താലത്തിലെ പൂക്കളെടുത്ത് കണ്ണടച്ച് പ്രാർത്ഥനയോടെ ചിത്രത്തിൽ അർപ്പിച്ചു. സമീപം നിന്ന മാണിയുടെ ഭാര്യ കുട്ടിയമ്മയെ നോക്കി തൊഴുതു. മുറിക്കുള്ളിൽ കെ.എം. മാണിയുടെ വിവിധതരത്തിലുള്ള ചിത്രങ്ങൾ നിറഞ്ഞുനിന്നു. ഫലകങ്ങളും പുരസ്കാരങ്ങളും ചുവരിൽ. നിയമപുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാര. സമീപത്താകെ മാണിയുടെ അദൃശ്യസാന്നിദ്ധ്യമുള്ളതുപോലെ...

കെ.എം. മാണിയുടെ വീട്ടിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.

ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു രാഹുൽഗാന്ധിയുടെ സന്ദർശനം. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം പ്രധാന മുറിയിലെത്തിയ രാഹുലിനെ ജോസ് കെ. മാണി എം.പി ഷാൾ അണിയിച്ച് സ്വീകരിച്ചു.

''ആറ് പതിറ്റാണ്ടിലേറെ കേരളത്തിന്റെ വഴികാട്ടിയായിരുന്നു അദ്ദേഹം. തുടർച്ചയായി അരനൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുകയെന്നാൽ ചരിത്രമാണ്. യു.ഡി.എഫിന് കരുത്ത് പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം''- കുട്ടിയമ്മയെ ചേർത്തിരുത്തി രാഹുൽ ഗാന്ധി പറഞ്ഞു. കെ.എം.മാണി മന്ത്രിയായിരിക്കുമ്പോൾ പാലാ സെന്റ് തോമസ് കോളേജിലെത്തിയ ഇന്ദിരാഗാന്ധിക്ക് ഊഷ്മള സ്വീകരണം നൽകിയതും രാഹുൽ ഓർത്തെടുത്തു. അപ്പോഴേക്കും മുന്നിലിരുന്ന ടീപ്പോയിൽ കരിക്കിൻ വെള്ളവും വട്ടയപ്പവും സമൂസയും സാൻവിച്ചും നിരന്നു. സാൻവിച്ചും സമൂസയും രുചിച്ച രാഹുൽ ഒപ്പമുള്ളവരെ ലഘുഭക്ഷണത്തിനായി ക്ഷണിച്ചു. പിന്നെ കുടുംബത്തിലെ ഒാരോരുത്തരെയും കണ്ട് അനുശോചനമറിയിച്ചു. പത്ത് മിനിറ്റിനു ശേഷം യാത്ര പറയാൻ തുടങ്ങുമ്പോൾ കെ.എം.മാണി എഴുതിയ 'അദ്ധ്വാനവർഗ സിദ്ധാന്ത"ത്തിന്റെ പകർപ്പ് ജോസ് കെ. മാണി സമ്മാനിച്ചു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,​ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്,​ എം.എൽ.എമാരായ സി.എഫ്. തോമസ്,​ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ തുടങ്ങിയവരടക്കം 40ഓളം പേർ വീട്ടിലുണ്ടായിരുന്നു. പി.ജെ. ജോസഫ് വന്നില്ല. പൊരിവെയിലത്തും രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് വീടിന് മുന്നിൽ കാത്തുനിന്നത്.