കോട്ടയം: രണ്ട് ദിവസം മുൻപ് മാത്രം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത പാലാ സന്ദർശനം അണികൾക്ക് ആവേശം പകർന്നുവെങ്കിലും പൊതുജനങ്ങൾ അക്ഷരാർത്ഥത്തിൽ വഴിയാധാരമായി. ഞായറാഴ്ച ഉച്ചയോടെയാണ് കെ.എം.മാണിയുടെ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് അനുശോചനമറിയിക്കാൻ രാഹുൽ പാലായിലെത്തുമെന്ന് അറിയിച്ചത്. അതോടെ തലങ്ങും വിലങ്ങും പൊലീസായി. എൻ.എസ്.ജി കമോൻഡോകൾകൂടി സുരക്ഷയുടെ ഭാഗമായി ഇറങ്ങിയതോടെ ജനങ്ങൾ ശരിക്കും പേടിച്ചു.
മാണിയുടെ വസതി മുതൽ പാലാ നഗരം വരെ പടുകൂറ്റൻ ഫ്ളക്സുകൾ വച്ചാണ് രാഹുൽ ഗാന്ധിയെ പ്രവർത്തകർ സ്വാഗതം ചെയ്തത്. രാവിലെ 10 മുതൽ പരിസരം പൂർണമായും എൻ.എസ്.ജി കമോൻഡോളുടെ കൈയിലായി. നഗരത്തിലേയ്ക്കുള്ള വഴികളൊക്കെ കിലോമീറ്ററുകൾക്കപ്പുറം ബ്ളോക്ക് ചെയ്ത് പൊലീസ് നിരന്നു. വലിയ വാഹനങ്ങൾ പോലും ഇടുങ്ങിയ വഴികളിലൂടെ കടത്തി വിട്ട് പൊലീസ് തങ്ങളുടെ പണി എളുപ്പമാക്കി.
രാഹുലിനെ കാണാനായി എത്തുന്നവർക്കായി വീടിന് പുറത്ത് പ്രത്യേകം ബാരിക്കേഡ് കെട്ടിയിരുന്നു പത്തനംതിട്ടയിൽ നിന്ന് ഉടൻ ഇറങ്ങുമെന്ന് അറിഞ്ഞതോടെ രാഹുലിന്റെ ചിത്രവും പതാകയും കൈയിലേന്തിയ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് പിന്നിൽ അണിനിരന്നു. ആവേശത്തിന് മുന്നിൽ പലർക്കും കത്തിയെരിയിരുന്ന ചൂടൊന്നും ഒരു പ്രശ്നമേയല്ലെന്നായി.രണ്ട് മണിയോടെ രാഹുലെത്തുമ്പോൾ പരിസരം മുദ്രാവാക്യങ്ങളാൽ നിറഞ്ഞു. കൈവീശിക്കാണിച്ച പ്രവർത്തകരെ വാഹനത്തിന്റെ ചില്ല് തുറന്ന് രാഹുൽ തിരിച്ച് അഭിവാദ്യം ചെയ്തു. എന്നാൽ വീട്ടു മുറ്റത്തേയ്ക്ക് വണ്ടിയെത്തിയതോടെ രാഹുൽ പെട്ടെന്ന് നിശബ്ദനായി. ഒരു മരണവീട്ടിൽ എത്തുംപോലെ ഉപചാരപൂർവം എല്ലാവരേയും തൊഴുതു. 2.15ഓടെ തിരികെയിറങ്ങി കസേരയിൽ ഇരുന്ന് ചെരുപ്പ് ധരിച്ച രാഹുൽ രണ്ട് മിനിറ്റ് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി മാണിയെ അനുസ്മരിച്ചു. തിരികെ മടങ്ങുമ്പോൾ പ്രവർത്തകരോട് ചേർന്ന് വണ്ടി നിറുത്തിച്ച രാഹുൽ എല്ലാവർക്കും കൈകൊടുക്കാനും മറന്നില്ല.
രാഹുൽ ഗാന്ധിയുടെ കരംകവർന്ന സന്തോഷത്തിൽ പ്രവർത്തകർ ആവേശത്തിലായപ്പോൾ നഗരത്തിലിറങ്ങിയ നാട്ടുകാർ വട്ടംചുറ്റുകയായിരുന്നു. റോഡ് മുഴുവൻ ബ്ളോക്ക് ചെയ്തതോടെ ആശുപത്രിയിലേയ്ക്കടക്കം അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങിയ പൊതുജനങ്ങൾ ദുരിതത്തിലായി. എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥ. മുക്കിന് മുക്കിന് പൊലീസ് പരിശോധന. ചൂടൻ ചോദ്യം ചെയ്യലുകൾക്ക് ദയനീയമായി മറുപടി പറയേണ്ട ഗതികേട്. കഴിഞ്ഞ ദിവസം രാജ്നാഥ് സിംഗിന്റെ സന്ദർശനം മൂലം കോട്ടയം നഗരത്തിലെത്തിയവരും സമാന ദുരിതമാണ് അനുഭവിച്ചത്. വഴി തടയപ്പെട്ട് പൊരിവെയിലത്തു കിടന്നവരൊക്കെയും, വന്നതും ഇനി വരാനിരിക്കുന്നതുമായ സർവ വി. വി. ഐ. പികളെയും മനസാ ശപിക്കുകയായിരുന്നു.