വാഴൂർ: ചെത്തു തൊഴിലാളി ജോലിക്കിടയിൽ പനയിൽ കുടുങ്ങി. അഗ്‌നിശമന സേനയെത്തി ഇയാളെ സുരക്ഷിതമായി താഴെയിറക്കി. ചാമംപതാൽ ഈട്ടിത്തോട്ടത്തിൽ സജിലാൽ (52) ആണ് ഇന്നലെ രാവിലെ ചാമംപതാലിന് സമീപം പനയിൽ കുടുങ്ങിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ മുണ്ട് വച്ചു പനയിൽ സ്വയം കെട്ടിവച്ചനിലയിൽ ആയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വന്ന വ്യതിയാനമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കരുതുന്നു. നാട്ടുകാരായ ബിജു, മനീഷ് എന്നിവർ പനയിൽ കയറി ഇദ്ദേഹത്തെ താഴെ വീഴാതെ താങ്ങി നിർത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ലീഡിംഗ് ഫയർമാൻ വി. കെ. പ്രസാദ്, ഫയർമാനായ പി. എസ് സനൽ എന്നിവർ പനയിൽ കയറി സജിലാലിനെ വല ഉപയോഗിച്ച് താഴെ എത്തിക്കുകയായിരുന്നു. അബോധാവസ്ഥയിൽ ആയിരുന്ന ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകിയതിനുശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ടി എൻ പ്രസാദ്, അനീഷ് മണി, ജോബിൻ മാത്യു, ജിഷ്ണു രാഘവൻ എന്നിവരായിരുന്നു അഗ്‌നിശമന സേനയുടെ സംഘത്തിലുണ്ടായിരുന്നത്.