പാമ്പാടി : കാളച്ചന്ത ജംഗ്ഷനിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാറിനു പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റിരുന്നു. അതിന് മുമ്പ് നിയന്ത്രണം വിട്ടകാർ എതിർ ദിശയിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ വൃദ്ധ ഉൾപ്പെടെ രണ്ടു പേർക്കും പരിക്കേറ്റിരുന്നു. ദേശീയ പാതയിൽ പീരുമേട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം. എന്നാൽ ഈ കാറിനു മുന്നിലൂടെ ആരോ ബൈക്കിൽ പാഞ്ഞു വന്നപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം ഉണ്ടാക്കിയ ഇരുചക്ര വാഹനയാത്രികൻ ഉടൻ തന്നെ സ്ഥലം വിട്ടത്രേ. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരെ കയറ്റുന്നതിനു ബസ് നിർത്തുമ്പോൾ ഓവർ ടെക്ക് ചെയുന്ന വാഹനങ്ങൾ അപകടം ഉണ്ടാക്കാറുണ്ട്. ബസ് വേ ഉണ്ടെങ്കിലും റോഡിനോട് ചേർന്ന് തന്നെയാണ് ബസ് നിർത്തുന്നത്. കാത്തിരിപ്പു കേന്ദ്രത്തിനു വളരെ മുന്നിലായും ബസ് നിറുത്തി ഗതാഗത തടസം സൃഷ്ടിക്കാറുണ്ട്. ഇവിടെ പാർക്കിംഗ് സൗകര്യം ഇല്ലാത്തതു മറ്റൊരു പ്രധാന പ്രശ്നമാണ്. റോഡിനിരുവശത്തുമുള്ള കടകളിൽ ഷോപ്പിംഗിനു എത്തുന്നവർ പാർക്കിംഗ് സൗകര്യമില്ലാതെ വലയുകയാണ്. തോട്ടയ്ക്കാട് പാമ്പാടി റോഡ് നവീകരണം പൂർത്തിയായി കാളച്ചന്ത പാലം തുറന്നു കൊടുക്കുന്നതോടെ അപകടനിരക്ക് ഇനിയും കൂടാൻ സാദ്ധ്യതയുണ്ട് . ഇത് പരിഹരിക്കുന്നതിന് പാലം തുറന്നു കൊടുക്കുന്നതിനു മുൻപ് തന്നെ റോഡിന്റെ ഉയരം കൂട്ടേണ്ടതും സിഗ്നൽ സ്ഥാപിക്കേണ്ടതും അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.