kottayam

കോട്ടയം: കോട്ടയത്ത് മൂന്നു മുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ ആര് വിജയിച്ചുകയറും എന്നത് പ്രവചനാതീതം. യു.ഡ‌ി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനും എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ.വാസവനും ലോക്‌‌സഭയിലേക്ക് കന്നിയങ്കമാണ് കുറിക്കുന്നതെങ്കിൽ എൻ.ഡി.എ സ്ഥാനാർത്ഥി കേരള കോൺഗ്രസിലെ പി.സി.തോമസ് മുൻ എം.പിയാണ്. ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് കോട്ടയത്ത്.

തോമസ് ചാഴിക്കാടൻ വളരെ താമസിച്ചാണ് അങ്കത്തട്ടിലിറങ്ങിയതെങ്കിലും ഇപ്പോൾ പ്രചാരണത്തിൽ മുന്നിലാണ്. നേരത്തെ ഉണ്ടായിരുന്ന വൈര്യം മറന്ന് പി.ജെ.ജോസഫ് വിഭാഗം ചാഴിക്കാടന് വേണ്ടി സജീവമായി രംഗത്തുണ്ട്. കോൺഗ്രസ് കാലുവാരുമെന്ന ഭയം ഇപ്പോൾ ഇല്ല. പൂർണ പിന്തുണയാണ് കോൺഗ്രസ് നല്കുന്നത്.

ജനതാദളിൽ തിരിച്ചെടുത്ത സീറ്റിൽ എൽ.ഡി.എഫ് വി.എൻ.വാസവനെ രംഗത്ത് ഇറക്കിയതുതന്നെ പൊതുസമ്മതനായ ആളെന്ന നിലയിലാണ്. ആതുര ശുശ്രൂഷാ രംഗത്ത് ഏറെ പ്രവർത്തനങ്ങൾ കാഴ്ചവച്ച വാസവന്റെ വ്യക്തി പ്രഭാവം വോട്ടായി മാറുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. ഇക്കുറി യു.ഡി.എഫിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഇടതുമുന്നണി.

കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ കോട്ടയത്തിനും സംസ്ഥാനത്തിനും നേടിക്കൊടുത്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.സി.തോമസ് വോട്ടർമാരെ നേരിൽ കാണുന്നത്. പി.സി. തോമസ് എന്ന പൊതുസമ്മതനായ സ്ഥാനാർത്ഥിയിലൂടെ കോട്ടയത്ത് വിജയിക്കാനാവുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടൽ. ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ എൻ.ഡി.എ നടത്തുന്നത്.

തോമസ് ചാഴികാടൻ

അനുകൂലം

ക്രൈസ്തവ സഭകളുമായുള്ള അടുപ്പം. പ്രത്യേകിച്ച് ക്നാനായ സഭയുമായി. മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫ് പ്രതിനിധികൾ.

പ്രതികൂലം

ത്രികോണ മത്സരത്തിൽ വോട്ട് ഭിന്നിക്കാൻ സാദ്ധ്യത.

വി.എൻ.വാസവൻ

അനുകൂലം

വ്യക്തി ബന്ധങ്ങൾ,​ മുൻ എം.എൽ.എ എന്ന നിലയിലെ പ്രവർത്തനങ്ങൾ,​ സി.പി.എം ജില്ലാ സെക്രട്ടറിയെന്ന പ്രവർത്തന പരിചയം.

പ്രതികൂലം

ചില കാര്യങ്ങളിൽ സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പ്.​ യു.ഡി.എഫിന്റെ നിലവിലെ വൻ ഭൂരിപക്ഷം.

പി.സി. തോമസ്

അനുകൂലം

നേരത്തെ കേന്ദ്രമന്ത്രി എന്ന നിലയിൽ നടത്തിയ പ്രവർത്തനം.​ മണ്ഡലത്തിലെ വിപുലമായ വ്യക്തിബന്ധങ്ങൾ.

പ്രതികൂലം

റബർ വിലയിടിവ് കാരണം ക്ലേശിക്കുന്ന കർഷകരുടെ അമർഷം. കോട്ടയത്തെ ആദ്യ മത്സരം.